തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കുന്നു. പുതിയ തീരുമാനപ്രകാരം എല്ലാ ബാറുകളും ഇനി മുതൽ രാവിലെ പത്ത് മണി മുതൽ അർധരാത്രി 12 മണി വരെ പ്രവർത്തിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
നിലവിൽ ഭൂരിഭാഗം ബാറുകളുടെയും സമയം രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു. ഇത് മാറ്റി രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതം വർധിപ്പിച്ചു. നിലവിൽ ടൂറിസം മേഖലയിലുള്ള ബാറുകൾക്ക് മാത്രമായിരുന്നു അർധരാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്. പുതിയ മാറ്റത്തോടെ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ഈ സമയം ബാധകമാകും.
ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തന സമയം വർധിപ്പിക്കണമെന്ന് ബാറുടമകൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നു. ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം കൂടുതൽ സമയം നൽകുന്നത് വിവേചനമാണെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പുതിയ സമയക്രമം സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരും.

