പി.മോഹനൻ ഒഴിയുമ്പോൾ ആര്…?
കോഴിക്കോട്: വടകര ചെമ്പട്ടണിഞ്ഞു. 29 മുതൽ 31 വരെ നടക്കുന്ന സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അവാന ഒരുക്കങ്ങളിലാണ് വടകര. മൂന്ന് ടേം പൂർത്തിയാക്കുന്ന പി.മോഹനൻ ഒഴിയുമ്പോൾ ജില്ലാ സെക്രട്ടരി പദത്തിലേക്ക് ഇനി ആരെന്ന ചോദ്യമാണ് പാർട്ടിപ്രവർത്തകരും ജില്ലയും ഉറ്റുനോക്കുന്നത്. നാരായണ നഗറിലെ കോടിയേരി, യച്ചൂരി നഗറിലായി നടക്കുന്ന സമ്മേളനത്തിൽ ആദ്യാവസാനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യമുണ്ടാവും. 29ന് രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനായിരിക്കും. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എളമരം കരീം, പി.കെ.ശ്രീമതി,എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രി മുഹമ്മദ്റിയാസ്, എം.എൽ.എ തുടങ്ങിയ നേതാക്കളും സമ്മേളനത്തിലുടനീളമുണ്ടാവും.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒരുവർഷത്തോളം ജയിൽവാസമനുഭവിച്ചശേഷം നിരപരാധിയായി വിട്ടയച്ചപ്പോഴാണ് കൂടുതൽ കരുത്തനായി പി.മോഹനൻ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. 2015ൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വന്ന മോഹനന്റെ മൂന്നാം ടേമാണ് ഇപ്പോൾ കഴിയുന്നത്. അതോടെ പുതിയ സെക്രട്ടറി വരണം. പിണറായി വിജയൻ ഏറ്റവും ശ്രദ്ധാപൂർവം ഇടപെടുകയും വിലയിരുത്തുകയും ചെയ്യുന്ന കോഴിക്കോട്ട് ആരാവും പുതിയ സെക്രട്ടറി എന്നത് രാഷ്ട്രീയകേരളം ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്. കൺസ്യൂമർഫെഡ് ചെയർമാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.മഹ്ബൂബിന്റെ പേരാണ് മുന്നിലുള്ളത്. ജില്ലയിലെ പാർട്ടി സീനിയർ നേതാവെന്ന പരിഗണനയാണ് മെഹ്ബൂബിന്. യുവ തലമുറയിൽനിന്ന് കെ.കെ.ദിനേശന്റേയും എം.ഗിരീഷിന്റേയും പേരാണ് ഉയരുന്നത്. സമവായം എന്ന നിലയിൽ ജനകീയനെന്ന് കോഴിക്കോട്ടുകാർ വിളിക്കുന്ന എ.പ്രദീപ്കുമാറുമുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ പാർട്ടിയെ സംബന്ധിച്ച് നിർണായകമാണ് കോഴിക്കോട്ടെ നേതൃത്വം. ആരുവന്നാലും മുന്നിലുള്ളത് വലിയ വെല്ലുവിളി. സംസ്ഥാനത്തുടനീളം പാർട്ടി നേരിടുന്ന ആരോപണ ശരങ്ങളെല്ലാം ജില്ലാസമ്മേളനത്തിൽ ചർച്ചകളാവും. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഴുനീള സാന്നിധ്യമുള്ളതിനാൽ എത്രമാത്രം വിമർശനം പ്രതിനിധികൾ ഉന്നയിക്കുമെന്നത് കണ്ടറിയേണ്ടിവരും.