സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മും കോൺഗ്രസും ‘കുറുവ സംഘം’എന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സിപിഎം കോട്ടകളിൽ വിള്ളലുണ്ടാക്കിക്കൊണ്ട് ദേവികുളത്തെ മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. സിപിഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയായിരുന്നു രാജേന്ദ്രന്‍.

ഇന്ന് രാവിലെ 11 മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയ രാജേന്ദ്രനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത രാജീവ് ചന്ദ്രശേഖർ, അദ്ദേഹത്തിൻ്റെ വരവ് എൻഡിഎയ്ക്ക് വലിയ കരുത്താകുമെന്ന് വ്യക്തമാക്കി.

2006 മുതൽ 2021 വരെ സിപിഎം എംഎൽഎയായിരുന്നു രാജേന്ദ്രൻ. 2021-ലെ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സസ്പെൻഷനിലായിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.

കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ തീരുമാനത്തെയും ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ പ്രശംസിച്ചു. തിരുവനന്തപുരം – ചെന്നൈ റൂട്ടിൽ ഗുരുവായൂർ, അമൃത് ഭാരത് ട്രെയിനുകളും തിരുവനന്തപുരം – മുംബൈ റൂട്ടിൽ താംബരം ട്രെയിനും അനുവദിച്ചത് കേരളത്തിന് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് നമ്മുടെ സംസ്ഥാനത്തിൻ്റെ ഭാവി തീരുമാനിക്കുമെന്നാണ് അമിത് ഷാ വന്നപ്പോൾ പറഞ്ഞത്. മഹാരാഷ്ട്രയിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിലും ജനങ്ങൾ കോൺഗ്രസിനെ കൈവിടുകയാണ്. തീവ്രവാദത്തോടുള്ള കോൺഗ്രസിൻ്റെ നിലപാട് ദുർബലമായതിനാലാണ് 2016-ന് ശേഷം അവർ പുറന്തള്ളപ്പെട്ടതെന്നു പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കോൺഗ്രസ്-ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെയും രൂക്ഷമായി വിമർശിച്ചു. ജമാഅത്തെ ഇസ്‌ലാമിയുമായി രഹസ്യ ഇടപാടുകളുള്ള കോൺഗ്രസിനെ ജനങ്ങൾ പിന്തുണയ്ക്കരുത്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വവുമായി പരസ്യമായ സംവാദത്തിന് തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.എൽഡിഎഫ് മൂന്നാം തവണ അധികാരത്തിൽ വരാനുള്ള സാധ്യത പൂജ്യമാണെന്നും ഇനി ജനങ്ങൾക്ക് മുന്നിലുള്ളത് എൻഡിഎയും യുഡിഎഫും മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പൊതുജനങ്ങളുടെ വിവേകത്തെ നമുക്ക് ചോദ്യം ചെയ്യാനാവില്ല, അത് ആരായാലും. ജനങ്ങൾക്ക് മുന്നിൽ ഇനി രണ്ട് ഓപ്ഷനുകൾ മാത്രമേയുള്ളൂ – എൻഡിഎയും യുഡിഎഫും. എൽഡിഎഫ് ഒരു ഓപ്ഷനേ അല്ല. ഭരണവിരുദ്ധ വോട്ടുകളും വികസനത്തിന് അനുകൂലമായ വോട്ടുകളും ബിജെപിയിലേക്ക് കേന്ദ്രീകരിക്കും.

കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് ഭരണവിരുദ്ധ വോട്ടുകളെ മാത്രമാണ്. അവർ വികസന വിഷയങ്ങൾ ഉയർത്തുന്നില്ല. ഒരു കൈയിൽ ഭരണഘടന പിടിക്കുകയും മറുകൈ ജമാഅത്തെ ഇസ്‌ലാമിയുമായി ചേർത്തുപിടിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും രാജീവ് കുറ്റപ്പെടുത്തി. സിപിഎമ്മിനെയും കോൺഗ്രസിനെയും ഞങ്ങൾ സമാന്തര പാർട്ടികളായാണ് കാണുന്നത്. ഞങ്ങൾ അവർക്ക് നൽകിയ പുതിയ പേര് ‘കുറുവ സംഘം’ എന്നാണ്.

​ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടത് അഴിമതി സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതിൽ ഒരു സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണം. ഈ ഇടപാടിന് പിന്നിൽ ഗൂഢാലോചനയും ഇടനിലക്കാരുമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഇടനിലക്കാരനാണ്. ദേവസ്വം ബോർഡിലെ ഈ രാഷ്ട്രീയ സംസ്കാരം വർഷങ്ങളായി നിലനിൽക്കുന്നതാണെന്നും രാജീവ് പറഞ്ഞു.