പൂർവിക സ്മരണയിൽ ഇന്ന് കർക്കടക വാവുബലി

തിരുവനന്തപുരം: പൂർവിക സ്മരണയിൽ ഇന്ന് കർക്കടകവാവ് ബലി. പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവിടങ്ങളിൽ അതിരാവിലെ മുതൽ ബലിതർപ്പണം ആരംഭിച്ചു. പ്രധാന ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ട്. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ ബലി ചടങ്ങുകൾ നടക്കുന്ന കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി മുതൽ തന്നെ ആളുകൾ ബലി കർമങ്ങള്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതലും, വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നു മുതലും ചടങ്ങുകൾ ആരംഭിച്ചു. ആലുവ മണപ്പുറത്ത് അതിരാവിലെ ചടങ്ങുകൾ തുടങ്ങി. ആലുവ അദ്വൈതാശ്രമത്തിൽ രാവിലെ ബലിതർപ്പണം തുടങ്ങി. തിരുനാവായ മണപ്പുറത്ത് പുലർച്ചെ ചടങ്ങുകൾ ആരംഭിച്ചു. പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തുന്നുണ്ട്.

കർക്കടകവാവ് ബലിതർപ്പണം നടത്തുന്നത് മൂന്നു തലമുറയിൽപെട്ട പിതൃക്കൾക്കാണെന്നാണ് വിശ്വാസം. ബലിതർപ്പണം നടത്തേണ്ടവർ ഇന്നലെ ഒരുനേരം മാത്രം നെല്ലരി ആഹാരം കഴിച്ച് ഒരിക്കൽ വ്രതമെടുത്തശേഷമാണ് ഇന്ന് തർപ്പണം നടത്തുക. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നും കണക്കാക്കുന്നു. പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.