തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തിൻ്റെ വായ്പാ പരിധി നിയന്ത്രണങ്ങളും ഒരു വശത്ത് വെല്ലുവിളിയാകുമ്പോൾ, സാധാരണക്കാരെയും വോട്ടർമാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

മൂന്നാം തവണും അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ ജനകീയ പ്രഖ്യാപനങ്ങൾ നടത്താനാകും മന്ത്രി കെഎൻബാലഗോപാൽ ഒരുങ്ങുക. ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എല്ലാ ബജറ്റും ജനപ്രിയമാക്കാനാണ് ശ്രമിച്ചിട്ടുളളത്. പുതിയ ബജറ്റ് ജനപ്രിയവും ആശ്വാസം പകരുന്നതുമാകുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ക്ഷേമ പെൻഷൻ വർധന, സർക്കാർ ജീവനക്കാർക്കു ഡിഎ കുടിശിക വിതരണം തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്നത്.സാധാരണക്കാരൻ പ്രതീക്ഷിക്കുന്ന പ്രധാന കാര്യങ്ങൾ:
ക്ഷേമ പെൻഷനുകൾ: കുടിശികയുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനും പ്രതിമാസ പെൻഷൻ തുകയിൽ വർദ്ധനവ് വരുത്തുന്നതിനും ബജറ്റിൽ മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്.
ശമ്പള പരിഷ്കരണം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഈ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി സൂചന നൽകിയിട്ടുണ്ട്.
കാർഷിക മേഖല: റബ്ബറിൻ്റെ തറവില 250 രൂപയായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. നാളികേരം, നെല്ല് കർഷകർക്കായി പ്രത്യേക പാക്കേജുകളും സബ്സിഡികളും പ്രതീക്ഷിക്കുന്നു.
വിലക്കയറ്റം തടയാൻ വിപണി ഇടപെടൽ: സപ്ലൈകോ വഴിയുള്ള സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമായി കൂടുതൽ തുക വകയിരുത്തിയേക്കാം.
ഭവന നിർമ്മാണം: ‘ലൈഫ് മിഷൻ’ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായി വലിയൊരു തുക നീക്കിവെക്കാൻ സാധ്യതയുണ്ട്.
