ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി; പ്രഖ്യാപനം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കും. ആലപ്പുഴ സനാതനപുരത്തെ സ്വവസതിയായ നവനീതത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍റെ പ്രഖ്യാപനമുണ്ടായത്. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ആരേയും വ്യക്തിഹത്യ നടത്താന്‍ താനില്ല, എന്നാല്‍ തനിക്ക് വളരെയധികം വ്യക്തിഹത്യ നേരിടേണ്ടി വന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെക്കൊണ്ട് നടക്കരുത്. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ച തന്‍റെ പിതാവിനെ വരെ മോശമായി വിളിച്ചു വ്യക്തിഹത്യ നടത്തിയിട്ടുണ്ട്. രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആയുധം, വ്യക്തിഹത്യയല്ല. കേഡര്‍മാര്‍ക്ക് പാര്‍ട്ടി നേതാക്കളുടെ പിതാക്കന്‍മാരെ വരെ വിളിക്കാമെന്ന് അവസ്ഥയിലാണ് അമ്പലപ്പുഴയിലേത്. പല അധിക്ഷേപം നേരിട്ടിട്ടും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നിട്ടില്ല. എന്നാല്‍, എന്തും കേട്ടുകൊണ്ട് മിണ്ടാതിരിക്കാന്‍ സാധിക്കില്ല.

ഇതുവരെ പ്രതിപക്ഷ കക്ഷി നേതാക്കളുമായി സംസാരിച്ചിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ ദൗത്യവുമായി എത്തിയെന്ന വാര്‍ത്തകളും വെറും പ്രചാരണങ്ങളാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്നതിന് അര്‍ഥം സംഘടനതലത്തില്‍ നിന്നു മാറി എന്നു മാത്രമാണ്. എന്നാല്‍, പാര്‍ട്ടിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. താന്‍, പാര്‍ട്ടിക്കു വേണ്ടി ജീവിച്ചയാളാണ്. പാര്‍ട്ടിയെ അപമാനിക്കാനോ ആക്ഷേപിക്കാനോ താനില്ല.

തെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിൽ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായിരുന്നു ജി സുധാകരന്‍റെ നീക്കങ്ങൾ. താൻ യാതൊരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചതാണ് അടുത്തിടെ പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താൻ നേരിടുന്ന അവഗണന ചോദ്യം ചെയ്യാനോ തിരുത്താനോ ആരും തയാറാവുന്നില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതൃത്വവുമായി അകന്നിരുന്ന ജി സുധാകരൻ അടുത്തിടെ വീണ്ടും പാർട്ടിയിൽ സജീവമായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ ജനറൽ സെക്രട്ടറി എംഎ ബേബിയുൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയിരുന്നില്ല.

തന്നെ അവഗണിക്കുന്നതിലും കുടുംബത്തെ അടക്കം അധിക്ഷേപിച്ചതിലും സുധാകരൻ നേതൃത്വത്തോട് പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ നടപടികളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, ചിലരെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടി പരിപാടികളിൽ നിന്ന് സുധാകരനെ പരമാവധി ഒഴിവാക്കി നിർത്തുന്ന രീതിയും തുടർന്നിരുന്നു. കഴിഞ്ഞ പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണ പരിപാടിയിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വലിയ ചുടുകാട്ടിൽ അദ്ദേഹം ഒറ്റയ്ക്ക് പുഷ്പാർച്ചന നടത്തി തന്റെ അമർഷം രേഖപ്പെടുത്തിയിരുന്നു.

സ്വന്തം വീടിനടുത്ത് നടന്ന പാർട്ടി ഏരിയ സമ്മേളനത്തിൽ പോലും സുധാകരനെ ക്ഷണിച്ചിരുന്നില്ല. സുധാകരൻ നിലപാട് അറിയിച്ചാൽ കോൺഗ്രസും തീരുമാനമെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു. 2006 ലും 2011 ലും 2016ലും അമ്പലപ്പുഴയിൽ ജി സുധാകരനായിരുന്നു എംഎൽഎ ആയിരുന്നത്. 2021ൽ എച്ച് സലാം (സിപിഎം) എംഎൽഎയായി.

Ultrabet