29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 5-ന് ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബർ 13 മുതൽ 20 വരെയാണ് മേള നടക്കുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത എണ്ണം ഡ്യൂട്ടി പാസ്സുകൾ അനുവദിക്കും. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യശ്രവ്യ ഓൺലൈൻ മാധ്യമങ്ങൾക്ക് പാസ്സുകൾ അനുവദിക്കുന്നത്.
ചലച്ചിത്ര മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കും പണമടച്ചു മീഡിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐ ഡി കാർഡുകൾ ആണ് നൽകുന്നത്.
ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുന്നതല്ല. എന്നാൽ ഡ്യൂട്ടി പാസിന് അപേക്ഷിക്കുന്ന റിപ്പോർട്ടർമാരുടെ പേരു വിവരങ്ങൾ ഉൾപ്പെടുത്തി ബ്യൂറോ മേധാവികളുടെ സ്ഥാപനത്തിന്റെ ലെറ്റർ പാഡിലുള്ള സാക്ഷ്യപത്രം മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാസെല്ലിൽ ഡിസംബർ 10 വൈകിട്ട് 5-നകം മുൻപ് എത്തിക്കണം. നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസ്സുകൾ നൽകുകയുള്ളൂ. ലിസ്റ്റിൽ ഉൾപ്പെടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യേണ്ടതാണ്.
https://registration.iffk.in/ എന്ന വെബ്സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന പ്രൊഫൈൽ നമ്പറും ചേർത്തുവേണം അപേക്ഷിക്കേണ്ടത് (പേമെൻറ് ഓപ്ഷനിൽ പോകേണ്ടതില്ല). മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. മുൻ വർഷങ്ങളിൽ മീഡിയ ഡ്യൂട്ടി പാസിന് രജിസ്റ്റർ ചെയ്ത മാധ്യമ പ്രതിനിധികളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ബ്യൂറോ ചീഫുമാർ നൽകുന്ന കത്തിൽ വ്യക്തമാക്കേണ്ടതാണ്.