കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങ് വര്‍ധിച്ചു

കോഴിക്കോട്: കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങായും മലാശയ കാന്‍സര്‍ പത്തു വര്‍ഷത്തികം 20 ശതമാനവും വര്‍ധിച്ചുവെന്ന് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍. ‘പ്രതീക്ഷ’ യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ട കാര്യങ്ങളിലേക്ക് വെളിച്ചം വീശി ഹോട്ടല്‍ അളകാപുരിയില്‍ നടന്ന ‘അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടൊ?,കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ടവ” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലാശയ കാന്‍സര്‍ വര്‍ധിച്ചു കാണുന്നത് യുവാക്കളിലാണ്. ശാസ്ത്രീയമല്ലാത്ത റെഡ് മീറ്റിന്റെ ഉപയോഗമാണ്് ഇതിനു കാരണം.
70 ശതമാനം കാന്‍സര്‍ രോഗികളും മൂന്നോ നാലോ സ്‌റ്റേജുകളിലെത്തിയ ശേഷമാണ് ചികിത്സ തേടുന്നത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതാണെന്ന് ഡോ. നാരായണന്‍ കുട്ടി വാര്യര്‍ പറഞ്ഞു.

പുറത്തു പറയാനുള്ള പേടി, കാന്‍സറാണെന്ന് മറ്റുള്ളവര്‍ അറിയില്ലേ എന്ന ചിന്ത, ചികിത്സക്കാവശ്യമുള്ള ഭാരിച്ച പണം ഇല്ലാത്ത അവസ്ഥ, രോഗത്തെക്കുറിച്ചുള്ള അജ്ഞത എന്നിവയാണ് തുടക്കത്തിലേ ചികിത്സതേടുന്നതില്‍ നിന്ന് രോഗികളെ അകറ്റുന്നതെന്ന് ഐഎംഎ കോഴിക്കോട് പ്രഡിഡന്റ് സന്ധ്യ കുറുപ്പ് പറഞ്ഞു. കാന്‍സര്‍ വന്ന് മരിക്കുന്നവരുടെ കാര്യം മാത്രം നാം ചര്‍ച്ച ചെയ്യുന്നു, അസുഖം ഭേദപ്പെട്ട എത്രയോ പേരുണ്ട്. അത് നാം ചര്‍ച്ച ചെയ്യുന്നില്ലെന്നും ഡോ. സന്ധ്യ പറഞ്ഞു.

ഏതു വികസിത രാജ്യങ്ങള്‍ക്കും സമാനമായ കാന്‍സര്‍ ചികിത്സ ഇന്ന് കേരളത്തല്‍ ലഭ്യമാണ്. ഭാരിച്ച ചിക്തിസാ ചിലവാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. കാന്‍സര്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ തേടാനുമുള്ള ബോധവത്ക്കരണവും പണം തടസമാവാതെ എല്ലാവര്‍ക്കും ചികിത്സ നല്‍കാനാവുന്ന സംവിധാനവും ഉണ്ടാകുകയാണ് വേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം പറഞ്ഞു.

കീടനാശിനികളാണ് കാന്‍സര്‍ പരത്തുന്നതെന്ന വ്യാപകമായ പ്രചാരണം മലയാളികള്‍ക്കിടയിലുണ്ടെന്ന് മുതിര്‍ന്ന പാത്തോളജിസ്റ്റ് ഡോ.കെ.പി. അരവിന്ദന്‍ പറഞ്ഞു. ഇതു കാരണം പഴവും പച്ചക്കറികളും പലരും മതിയായ രീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. 1.5 ശതമാനത്തില്‍ താഴെയാണ് കീടനാശിനി ഉയര്‍ത്തുന്ന കാന്‍സര്‍ ഭീഷണി. അതിനേക്കാള്‍ എത്രയോ ഇരട്ടി സാധ്യതയാണ് ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താതിരുന്നാല്‍ സംഭവിക്കുന്നത്. റെഡ് മീറ്റിന്റെ ഉപയോഗം കാന്‍സറിനു കാരണമാണ്. പക്ഷെ ഫൈബറും, സിട്രിക്കും അടങ്ങിയ പഴങ്ങളും പച്ചക്കറികളും റെഡ് മീറ്റിനൊപ്പം കഴിച്ചാല്‍ പ്രശ്‌നമില്ല. മാറിയ ഭക്ഷണ രീതിയിലെ മാറ്റം കാന്‍സര്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും ആവശ്യമാണെന്ന് ഡോ. അരവിന്ദന്‍ പറഞ്ഞു.ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ എം.കെ.രാമദാസ്, ഡോ. മിനി വാര്യര്‍, ശ്രീജ പ്രതീക്ഷ എന്നിവരും സെമിനാറില്‍ സംസാരിച്ചു.