
കൊച്ചി : എംഡിഎംഎയുമായി പിടികൂടിയ യുട്യൂബർ റിൻസ് മുംതാസ് ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന വാർത്തകളോട് പ്രതികരിച്ച് താരം. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. പ്രഫഷണൽ കാര്യങ്ങൾ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും ഉണ്ണി വ്യക്തമാക്കി. ലഹരികേസിൽ പല ഓൺലൈൻ പേജുകളിലും നടന്റെ പേരു കൂടി കൂട്ടിച്ചേർത്തായിരുന്നു യുവതി അറസ്റ്റിലായ വാർത്ത പോസ്റ്റ് ചെയ്തത്. ഉണ്ണി മുകുന്ദന്റെ വിശദീകരണം വന്നതോടെ വ്യാജ വാർത്ത പോസ്റ്റ് ചെയ്ത പല പേജുകളും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

എന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും നടൻ വ്യക്തമാക്കി