ആഗോള വിപണിയില്‍ ഇന്ത്യൻ വാഹനങ്ങള്‍ക്ക് വൻ ഡിമാൻഡ്; ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കയറ്റുമതിയില്‍ 18 ശതമാനം വളർച്ച

ന്യൂഡല്‍ഹി | ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ വമ്പൻ വർധന. വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വളർച്ചയുണ്ടായതായാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്‍റെ (SIAM) കണക്കുകള്‍ സൂചിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്കൻ വിപണികളിൽ നിന്നുള്ള ശക്തമായ ഡിമാൻഡാണ് ഈ വളർച്ചയ്ക്ക് കാരണമായത്.

2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ, മൊത്തം യാത്രാ വാഹന കയറ്റുമതി 4,45,884 യൂണിറ്റായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,76,679 യൂണിറ്റായിരുന്നു. പാസഞ്ചർ കാറുകളുടെ കയറ്റുമതി 12 ശതമാനം വർധിച്ച് 2,29,281 യൂണിറ്റായി. യൂട്ടിലിറ്റി വാഹന കയറ്റുമതി 26 ശതമാനം വർധിച്ച് 2,11,373 യൂണിറ്റായി. വാൻ കയറ്റുമതിയും 36.5 ശതമാനം കുത്തനെ വർധിച്ച് 5,230 യൂണിറ്റായി.

ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 2,05,763 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തുകൊണ്ട് മാരുതി സുസുക്കി ഇന്ത്യ ആണ് ഒന്നാമത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മാരുതി സുസുക്കി ഇന്ത്യ 1,47,063 യൂണിറ്റുകളാണ് കയറ്റുമതി ചെയ്‌തത്. കയറ്റുമതിയില്‍ 40 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ആണ് രണ്ടാമത്. 99,540 യൂണിറ്റുകളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കയറ്റിയയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 84,900 യൂണിറ്റുകളായിരുന്നു കയറ്റുമതി ചെയ്‌തത്. 17 ശതമാനം വർധനയാണ് ഉണ്ടായത്.

നിസാൻ മോട്ടോർ ഇന്ത്യ 37,605 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തതായാണ് റിപ്പോർട്ട്. വോക്‌സ്‌വാഗൺ ഇന്ത്യ – 28,011 യൂണിറ്റുകൾ, ടൊയോട്ട കിർലോസ്‌കർ മോട്ടോർ – 18,880 യൂണിറ്റുകൾ, കിയ ഇന്ത്യ – 13,666 യൂണിറ്റുകൾ, ഹോണ്ട കാർസ് ഇന്ത്യ – 13,243 യൂണിറ്റുകൾ എന്നിങ്ങനെയാണ് മറ്റ് പ്രധാന കയറ്റുമതികള്‍. ആഗോള വിപണികളിൽ നിന്നുള്ള സ്ഥിരമായ ഡിമാൻഡും വൈവിധ്യവത്‌കരണവും കയറ്റുമതിയെ പരിപോഷിപ്പിക്കുന്നു എന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് വ്യക്തമാക്കുന്നു. ഉയർന്ന താരിഫ് കാരണം യുഎസിലേക്കുള്ള കയറ്റുമതി കുറഞ്ഞെങ്കിലും, ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 24 രാജ്യങ്ങളിലാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ അനുകൂല വളർച്ച റിപ്പോർട്ട് ചെയ്‌തത്.

“വിപണി വൈവിധ്യവത്‌കരണത്തിന്‍റെ വ്യക്തമായ പ്രവണത പ്രതിഫലിപ്പിക്കുന്ന തരത്തിൽ, സെപ്റ്റംബറിൽ ഉയർന്ന താരിഫ് കാരണം യുഎസിലേക്കുള്ള കയറ്റുമതി കുറഞ്ഞെങ്കിലും, നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 24 രാജ്യങ്ങളിൽ ഇന്ത്യൻ കയറ്റുമതിക്കാർ അനുകൂല വളർച്ച രേഖപ്പെടുത്തി,” സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് റിപ്പോർട്ട് പറയുന്നു. ദക്ഷിണ കൊറിയ, യുഎഇ, ജർമ്മനി, ടോഗോ, ഈജിപ്‌ത്, വിയറ്റ്നാം, ഇറാഖ്, മെക്‌സിക്കോ, റഷ്യ, കെനിയ, നൈജീരിയ, കാനഡ, പോളണ്ട്, ശ്രീലങ്ക, ഒമാൻ, തായ്‌ലൻഡ്, ബംഗ്ലാദേശ്, ബ്രസീൽ, ബെൽജിയം, ഇറ്റലി, ടാൻസാനിയ എന്നിവയാണ് ഇന്ത്യൻ വാഹനങ്ങൾക്ക് ശക്തമായ ഡിമാൻഡ് കാണിക്കുന്ന രാജ്യങ്ങൾ.