പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യം: വിജയ് മഹാജൻ

മലപ്പുറം: ദരിദ്ര വിഭാഗങ്ങളുടെ ശാക്തീകരണത്തിനും സംരംഭക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യമാണെന്ന് ന്യൂദൽഹി രാജീവ്ഗാന്ധി ഫൗണ്ടേഷൻ ചെയർമാനും
രാജ്യത്ത് മൈക്രോ ഫിനാൻസ് സംവിധാനത്തിന് തുടക്കം കുറിച്ചയാളുമായ വിജയ് മഹാജൻ ( ന്യൂഡൽഹി) അഭിപ്രായപ്പെട്ടു.

‘പലിശരഹിത മൈക്രോഫൈനാൻസും സുസ്ഥിര വികസനവും’ എന്ന വിഷയത്തിൽ ഇൻഫാക്ക് സസ്റ്റൈനബിൾ ഡെവലപ്മെൻറ് സൊസൈറ്റിയും സാഫി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വാഴയൂർ സാഫി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പ് രംഗത്തേക്ക് കടന്നു വരുന്നവർക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ മൈക്രോ ഇക്വിറ്റി പോലുള്ള സംവിധാനങ്ങളിലൂടെ ലഭ്യമാക്കാൻ കഴിയണം. രാജ്യത്തെ വലിയൊരു വിഭാഗത്തിന് സാമ്പത്തിക പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവകാശത്തിന്റെ ലംഘനമാണ് പലിശരഹിത സാമ്പത്തിക സംവിധാനം ആരംഭിക്കുന്നതിന് തടസ്സം നിൽക്കുന്നതിലൂടെ കേന്ദ്ര ഭരണകൂടം ചെയ്യുന്നത്. ഇത് ഭരണഘടനയുടെ 14,19, 21 ആർട്ടിക്കിളുകളുടെ ലംഘനമാണ്. ലോകത്തെ വിവിധ രാജ്യങ്ങൾ നടപ്പിലാക്കി വിജയിപ്പിച്ച പലിശരഹിത സാമ്പത്തിക സംവിധാനം നടപ്പിൽ വരുത്തുന്നതിന് കോടതികളിലൂടെ ശ്രമം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ ദാരിദ്ര നിർമ്മാർജ്ജനവും കുടുംബങ്ങളുടെ ശാക്തീകരണത്തിനും സ്ത്രീ പങ്കാളിത്തത്തിനും ഒരുപോലെ സഹായകരമാകുന്ന മൈക്രോ ഫിനാൻസ് സംവിധാനങ്ങൾ രാജ്യത്ത് വളർന്നുവരുന്ന സാമൂഹിക ധ്രുവീകരണത്തെയും വിഭാഗീയതയെയും തടയുന്നതിനും ഉപകാരപ്പെടുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഇൻഫാഖ് രക്ഷാധികാരി പി.മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. പലിശരഹിത സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിരക്ഷ ലഭിക്കുന്നതിന് നിയമ പോരാട്ടം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭ മുന്നോട്ടുവക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ പലിശരഹിത ബാങ്കിംഗ് സംവിധാനങ്ങൾക്കും സംഘടിതമായ സക്കാത്ത് ശേഖരണ വിതരണ സംവിധാനങ്ങൾക്കും വലിയ പങ്കു വഹിക്കാൻ കഴിയുമെന്ന് ഇന്ത്യൻ സെൻ്റർ ഫോർ ഇസ്ലാമിക് ഫിനാൻസ് ജനറൽ സെക്രട്ടറി എച്ച്.അബ്ദുറഖീബ് അഭിപ്രായപ്പെട്ടു. പാവപ്പെട്ടവർക്ക് ആഗോള അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാഫി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രൊഫ ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. മാധ്യമം – മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, ബാംഗ്ലൂർ യൂനുസ് സോഷ്യൽ ഫണ്ട് സി.ഇ.ഒ സുരേഷ് കൃഷ്ണ, ബീഹാറിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.എ ഫൈസി, ഇസ്‌ലാമിക് മൈക്രോ ഫൈനാൻസ് വിദഗ്ധൻ ഡോ.ഷാരിഖ് നിസാർ, ഡോ. ഹുസൈൻ മടവൂർ, ഇൻഫാക്ക് ജനറൽ സെക്രട്ടറി സിപി ഹബീബുറഹ്മാൻ വൈസ് പ്രസിഡണ്ട് ടി കെ ഹുസൈൻ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. ഇൻഫാഖ് ചെയർമാൻ ഡോ. മുഹമ്മദ് പാലത്ത് സ്വാഗതവും സാഫി ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് കാമിൽ നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിലായി 30 ഗവേഷണ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഇന്നു (20, ഞായർ) വൈകീട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ എം.പി.മാരായ എം കെ രാഘവൻ, ഇ.ടി.മുഹമ്മദ് ബഷീർ, ടി.വി ഇബ്രാഹീം എം എൽ എ, ടി. ആരിഫലി, എ അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങൾ, എൻ.ജി.ഒ കൾ, ഗവേഷകർ, വിദ്യാർഥി കൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്..