കലാമാമാങ്കത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: സംസ്ഥാനത്തെ 63മത് സ്‌കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 4) തിരിതെളിയും. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വ്വഹിക്കും.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറയും. മന്ത്രിമാരായ ജിആര്‍ അനില്‍, കെ.രാജന്‍, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെഎന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക.

കലോത്സവത്തിന്‍റെ സ്വാഗത ഗാനത്തിന്‍റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതു വിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ തിട്ടപ്പെടുത്തിയതാണ് സ്വാഗത ഗാനം. വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സംഘനൃത്തവും ഉദ്‌ഘാടനത്തിന്‍റെ ഭാഗമാകും. ഉദ്‌ഘാടനത്തിന് ശേഷം ഒന്നാം വേദിയില്‍ ആദ്യം അരങ്ങേറുക മോഹിനിയാട്ടമായിരിക്കും. നാളെ 24 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

കലവറയുടെ പാലുകാച്ചല്‍ : കലോത്സവത്തിനായി പുത്തരിക്കണ്ടം മൈതാനത്ത് സജീകരിച്ചിട്ടുള്ള കലവറയുടെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് രാവിലെ നടന്നു. 10.30 ഓടെ കഴിഞ്ഞു ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കലാമേളയ്‌ക്ക് ഭക്ഷണങ്ങള്‍ തയ്യാറാക്കുക.

രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍: നാളെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങാനിരിക്കെ രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ചു. തിരുവനന്തപുരം എസ്‌എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജീകരിച്ചിട്ടുള്ള 7 കൗണ്ടറുകളിലായാണ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നത്. 14 ജില്ലകള്‍ക്കും പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രെയിന്‍, ബസ് മാര്‍ഗം തലസ്ഥാനത്തെത്തുന്ന വിദ്യാര്‍ഥികളെ രജിസ്ട്രേഷന്‍ കൗണ്ടറുകളിലേക്ക് എത്തിക്കാനുള്ള പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നും കലോത്സവത്തിനെത്തുന്ന വാഹനങ്ങളിലെല്ലാം പ്രത്യേക തിരിച്ചറിയല്‍ കോഡുകളോടെയുള്ള സ്റ്റിക്കറുകള്‍ പതിക്കുകയും ചെയ്യും.