ഇന്ന് കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകാരംഭം. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടക മാസം. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാമാണ് കർക്കടക മാസത്തെ വിളിക്കുന്നത്, പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ ഈ മാസം പക്ഷേ കേരളത്തിൽ ഭക്തിസാന്ദ്രമാണ്. ഇന്നുമുതൽ ഒരുമാസക്കാലം കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നിത്യവും നടക്കും. ഭക്തിസാന്ദ്രമായ ഈ മാസം അവസാനിക്കുന്നതോടെ സമ്പത് സമൃദ്ധിയുമായി പുതുവർഷം പിറക്കുകയും ചെയ്യും.

നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുമ്പോൾ അക്കഥയിലൂടെ ഒപ്പം നടത്താൻ ഒരു കർക്കടകം കൂടി നാളെ പിറക്കുന്നു.ശ്രീരാമ–ലക്ഷ്മണന്മാർ പിതാവ് ദശരഥനായി പിതൃതർപ്പണം ചെയ്തതെന്നു കരുതുന്ന കർക്കടക വാവുബലി ഇത്തവണ 24നാണ്. രാമായണ പാരായണം, വിശേഷാൽ പൂജകൾ, രാമായണ പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികൾ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമായി ഈ മാസം സംഘടിപ്പിച്ചിട്ടുണ്ട്.
ജൂലൈ 24 (വ്യാഴം) കർക്കടകം എട്ടിനാണ് കർക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കർക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്. കർക്കടക മാസത്തിൽ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.