ന്യൂഡല്‍ഹി: ഐ.എ.എസ്. ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലുമൂന്നിയ തദ്ദേശീയ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ‘പുതിയ ഇന്ത്യ’ എന്ന കാഴ്ചപ്പാടിനനുസൃതമായി, ഭാവിയിലെ വെല്ലുവിളികള്‍ക്ക് സജ്ജമാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥ മനോഭാവവും വൈദഗ്ധ്യവും അറിവും രൂപപ്പെടുത്താനുള്ള കര്‍മയോഗി പദ്ധതിയിലാണ് പുതിയ പരിശീലനരീതി കൊണ്ടുവരുന്നത് ഒന്നര വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണിത് രൂപപ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 32 ലക്ഷം കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കാവും ആദ്യഘട്ടത്തില്‍ പരിശീലനം. കര്‍മയോഗിയില്‍ നിലവില്‍ 46 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10.4 ലക്ഷം പേര്‍ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്രസര്‍വീസിലുള്ളവര്‍ക്കുള്ള പരിശീലനത്തിനൊപ്പം സംസ്ഥാനതലത്തിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന.