പാലക്കാട് അപകട മരണം; ഗതാഗതമന്ത്രി അപക‍ട മേഖല സന്ദർശിക്കും

പാലക്കാട് ലോറി സ്‌കൂൾ കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച പശ്ചാത്തലത്തിൽ പനയംപാടത്ത് ഗതാഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ സന്ദർശിക്കും. അപകട മേഖലയിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാൻ മന്ത്രി നേതൃത്വം നൽകും.

അപകട സ്ഥാനത്ത് വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധന നടത്തും. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എന്‍എച്ച്എഐ-പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കും. കരിമ്പയില്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധവും നടക്കും.

വ്യാഴാഴ്ച വൈകിട്ടോടെ കുട്ടികൾ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.

പനയംപാടം സ്ഥിരം അപകടമേഖലയാണെന്ന് ആരോപിച്ച് നാട്ടുകാർ ഉപരോധിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല എന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.