കേരള ഡിസബിലിറ്റി ഫെസ്റ്റിവലിനു കോഴിക്കോട് കടപ്പുറത്ത് പ്രൗഢഗംഭീരമായ തുടക്കം

കോഴിക്കോട്: വൈവിധ്യങ്ങളുടെയും ഉൾച്ചേർക്കലിന്റെയും കരുത്തുറ്റ സന്ദേശമുയർത്തി ‘കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ’ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. സഹതാപത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുകൾ തിരുത്തിക്കൊണ്ട് ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് മാന്യതയും തുല്യനീതിയും ഉറപ്പാക്കുന്ന ഒരു ‘ഉൾച്ചേർക്കപ്പെട്ട സമൂഹം’ (Inclusive Society) കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ ഈ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
മേളയുടെ ഉദ്ഘാടന ചടങ്ങിൽ 21 തരം ഡിസബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന് ആകാശത്തേക്ക് ബലൂണുകൾ പറത്തി ഫെസ്റ്റിവലിന് തുടക്കം കുറിച്ചപ്പോൾ അത് കേരളത്തിലെ ഡിസബിലിറ്റി അവകാശ പോരാട്ടങ്ങളിലെ ചരിത്ര നിമിഷമായി മാറി. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ, കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് IAS, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇവന്റ് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ജനറൽ കൺവീനർ ഡോ. വി. ഇദ്‌രീസ് തുടങ്ങിയ സംസാരിച്ചു. വാർഡ് കൌൺസിൽ സഫറി വെള്ളയിൽ, ക്യൂറേറ്റർ ഡോ. അഭിലാഷ് പിള്ള, ഡോ. പി സി അൻവർ , പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, നിഷാദ് എ.കെ, സി. പി ഷിഹാദ്, ഇമ്മാനുവൽ, ഉമർ ഫാറൂഖ് ലക്ഷദീപ്, നുസ്രത് വഴിക്കടവ്, അജ്മൽ മണ്ണാർക്കാട്, ശ്രീജ രാധാകൃഷണൻ എന്നിവർ. സമീർ സഫീറ നന്ദി പറഞ്ഞു.
നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മേളയിൽ RPwD നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള 21 തരം ഡിസബിലിറ്റികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കാഴ്ചയില്ലാത്തവരുടെ ലോകം, കേൾവി പരിമിതിയുള്ളവരുടെ വിനിമയങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ദൈനംദിന ജീവിതം തുടങ്ങിയവ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുന്ന ‘എക്സ്പീരിയൻസ് സോണുകൾ’ മേളയുടെ പ്രധാന ആകർഷണമാണ്. അസിസ്റ്റീവ് ടെക്നോളജികൾ, ഡിസബിലിറ്റി സൗഹൃദ നിർമ്മാണ മാതൃകകൾ എന്നിവ പരിചയപ്പെടുത്തുന്നതിനൊപ്പം തന്നെ ഉൾച്ചേരൽ (Inclusion), തുല്യത (Equity), വൈവിധ്യം (Diversity) എന്നീ പേരുകളിലുള്ള മൂന്ന് വേദികളിലായി മുപ്പതോളം ഗൗരവകരമായ അക്കാദമിക് സെഷനുകളും ചർച്ചകളും നടക്കും. സിനിമയിലെ ഡിസബിലിറ്റി പ്രതിനിധാനം, രാഷ്ട്രീയ പങ്കാളിത്തം, ഇൻവിസിബിൾ ഡിസബിലിറ്റീസ്, ആക്സിസിബിലിറ്റി, സംവരണം തുടങ്ങി ഡിസബിലിറ്റി മേഖലയിലെ വൈവിധ്യമാർന്ന വിഷയങ്ങളിൽ നൂറ്റി ഇരുപതോളം വിദഗ്ധർ ഈ ദിവസങ്ങളിൽ സംസാരിക്കും.
രാജസ്ഥാനി വീൽചെയർ നൃത്തം, വീൽചെയർ സൂഫി നൃത്തം, ലക്ഷദ്വീപിൽ നിന്നുള്ള ഡോളിപാട്ട്, ‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ഡച്ച് നാടകം, പൂമ്പാറ്റ ചെണ്ടമേളം തുടങ്ങി കലാ പ്രകടനങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ വേദികളിൽ അരങ്ങേറും. കൂടാതെ ഹ്യൂമൻ ലൈബ്രറി, പുസ്തക പ്രകാശനങ്ങൾ, ഫ്‌ളീ മാർക്കറ്റ്, സ്റ്റാളുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാമൂഹിക സന്നദ്ധ സംഘടനയായ തണലിന്റെയും കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളുടെയും സംയുക്ത നേതൃത്വത്തിൽ, ജില്ലാ ഭരണകൂടത്തിന്റെയും സാംസ്കാരിക പൗരാവലിയുടെയും പിന്തുണയോടെ നടത്തുന്ന ഈ മേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 1-ന് സമാപിക്കുന്ന ഈ ഫെസ്റ്റിവലിലൂടെ ഡിസബിലിറ്റി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.