കേരളത്തെ പിടിമുറുക്കി അമീബിക്മസ്തിഷ്‌കജ്വരം,ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ആലപ്പുഴ: കേരളത്തെ പിടിമുറുക്കി അമീബിക് മസ്തിഷ്‌കജ്വരം. രോഗം പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരണപ്പെട്ടിരുന്നു. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ,ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ്അമീബിക്മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോഎൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത.മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്നാൽ രോഗ കാരണമാവുന്നു

അണുബാധ ഉണ്ടായാല്‍ 5 മുതല്‍10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.സാധാരണ മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗ കാരണം അമീബയാണെങ്കില്‍ അസുഖം മൂര്‍ച്ഛിക്കുകയും ലക്ഷണങ്ങള്‍ തീവ്രമാകുകയും മരണത്തിന്കാരണമാകുകയും ചെയ്യും.

തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറില്‍ നീര്‍വീക്ക മുണ്ടാക്കുകയും ചെയ്യും. മൂക്കില്‍ നിന്നും നേരിട്ട് തലച്ചോറിലേക്ക്പോകുന്ന നാഡികള്‍ വഴിയാണ് അമീബ തലച്ചോറില്‍ എത്തുന്നത്.തലച്ചോറിലെചിലരാസവസ്തുക്കള്‍ വളരെ വേഗം ഭക്ഷണമാക്കുന്നതിനാല്‍ തലച്ചോര്‍തീനി അമീബകള്‍ എന്നുംഇവഅറിയപ്പെടുന്നു.

👉🏼പ്രാഥമിക ലക്ഷണങ്ങള്‍

പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

👉🏼ഗുരുതര ലക്ഷണങ്ങള്‍

അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്ന്കഴിച്ചിട്ടും മാറാത്ത പനിയും മറ്റ്ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവര്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. സ്വയംചികിത്സ പാടില്ല

പ്രതിരോധിക്കാം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട്‌ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക

കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും
അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.

നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.