കോഴിക്കോട് : കാൻസർ രോഗം മുൻകൂട്ടി കണ്ടെത്താനും അവയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസിൽ “ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക്” പ്രവർത്തനമാരംഭിച്ചു.ക്ലിനിക്കിൻ്റെയും, സ്ത്രീകളിലെ കാൻസർ, പ്രത്യേകിച്ച് സ്തനാർബുദത്തിനെതിരെ മുൻകാലങ്ങളിൽ ആസ്റ്റർ മിംസ് വിജയകരമായി പൂർത്തിയാക്കിയ ‘She Can ‘ കാമ്പയിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ (She Can 2.0) ഉദ്ഘാടനവും സിനിമാതാരം അപർണ്ണ ബാലമുരളി നിർവ്വഹിച്ചു. ജീവിതശൈലിയിലെ മാറ്റങ്ങൾ, സ്ക്രീനിംഗ് എന്നിവ പോലുള്ള നടപടികളിലൂടെ കാൻസർ വികസിക്കുന്നത് തടയുന്നതിനോ നേരത്തെ കണ്ടെത്തുന്നതിലാണ് പ്രിവന്റീവ് ഓങ്കോളജി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൽ പ്രാഥമിക പ്രതിരോധം (ആരോഗ്യകരമായ ശീലങ്ങളിലൂടെയും വാക്സിനേഷനുകളിലൂടെയും അപകടസാധ്യത കുറയ്ക്കൽ), ദ്വിതീയ പ്രതിരോധം (മാമോഗ്രാമുകൾ, പാപ് സ്മിയറുകൾ പോലുള്ള സ്ക്രീനിംഗുകൾ വഴി നേരത്തെ കണ്ടെത്തൽ), തൃതീയ പ്രതിരോധം (കാൻസറിൻ്റെ പുരോഗതി തടയുന്നത് കൈകാര്യം ചെയ്യൽ) എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെവി ഗംഗാധരൻ പറഞ്ഞു. പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിൽ ഡോക്ടർ കൺസൽട്ടേഷൻ സൗജന്യവും മാമോഗ്രാമുകൾക്ക് 50% ഡിസ്കൗണ്ടും ലഭ്യമാണെന്ന് സിഇഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ചടങ്ങിൽ ഡോ.സലിം വിപി, ഡോ.സജിത്ത് ബാബു, ഡോ.അരുൺ ചന്ദ്രശേഖരൻ, ഡോ. സദീഷ് പത്മനാഭൻ, ഡോ.ഫഹീം അബ്ദുള്ള , ഡോ.അബ്ദുള്ള കെപി, ഡോ.അബ്ദുൽ മാലിക്ക്, ഡോ. മിഹിർ മോഹൻ, ഡോ.കേശവൻ, ഡോ.സജ്ന കെടി , ഡോ.ശ്വേത പി തുടങ്ങിയവർ പങ്കെടുത്തു.
