ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് വിജയം നേടുമെന്ന് നരേന്ദ്രമോദി

പട്‌ന | പ്രധാനമന്ത്രിയുടെ റാലികളോടെ ബിഹാറില്‍ എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബിഹാറിന്റെ മുന്‍കാല തെരഞ്ഞടുപ്പ് ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ റെക്കോര്‍ഡ് വിജയം എന്‍ഡിഎ നേടുമെന്നു മോദി പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാന്‍, ജിതിന്‍ റാം മാഞ്ചി തുടങ്ങി പ്രമുഖ എന്‍ഡിഎ നേതാക്കളെല്ലാം മോദിക്കൊപ്പം റാലിയില്‍ പങ്കെടുത്തു.

പരസ്പരം പോരടിക്കുന്നവരുടെ കൂട്ടുകെട്ടാണ് ഇന്ത്യാസഖ്യമെന്ന് മോദി പരിഹസിച്ചു. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെ നേതാക്കള്‍ അഴിമതിക്കാരും അതില്‍ പലരും ജാമ്യത്തിലുമാണ്. ജെഎംഎം പോലുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് നല്‍കാതെ ഇന്ത്യാ സഖ്യം അവഗണിച്ചത് അഹങ്കാരത്തിന്റെ ഭാഗമായാണെന്ന് മോദി പറഞ്ഞു. ഇരുറാലികളിലുമെത്തിയ വന്‍ ജനക്കൂട്ടത്തോട് മൊബൈല്‍ ഫോണുകള്‍ ഓണ്‍ചെയ്യാന്‍ അഭ്യര്‍ഥിച്ച മോദി; ചുറ്റം ഇത്രയധികം വെളിച്ചമുള്ളപ്പോള്‍ വിളക്കിന്റെ ആവശ്യമില്ലെന്ന് ആര്‍ജെഡിയെ പരിഹസിച്ച് മോദി പറഞ്ഞു.ഇന്ത്യാസഖ്യത്തില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎ ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോദി പറഞ്ഞു. ബിഹാറിന്റെ അഭിമാനമായ അന്തരിച്ച മുന്‍ എഐസിസിസി പ്രസിഡന്റ് സീതാറാം കേസരിയോട് ഗാന്ധി കുടുംബം മോശമായി പെരുമാറിയെന്നും അദ്ദേഹത്തില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം ഇവര്‍ തട്ടിയെടുത്തെന്നും മോദി പറഞ്ഞു. 2005 മുതല്‍ നിതീഷ് കുമാര്‍ ബിഹാറിന്റ മുഖ്യമന്ത്രി പദത്തിലെത്തി. എന്നാല്‍ ഒരുദശാബ്ദക്കാലം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശത്രുപരമായ സമീപനം ബിഹാറിന്റെ വികസനത്തിന് തടസ്സമായി. എന്‍ഡിഎ സര്‍ക്കാരിന് നീതിഷ് കുമാര്‍ സഹകരണം വാഗ്ദാനം ചെയ്തപ്പോള്‍ പിന്തുണ പിന്‍വലിക്കുമെന്ന് ആര്‍ജെഡി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മോദി പറഞ്ഞു.കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് മുന്‍സര്‍ക്കാരുകളെക്കാള്‍ മൂന്നിരട്ടിയാണ്. സ്വന്തം കാര്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് ബിഹാര്‍ വളരെയേറെ മുന്നോട്ടുപോയി. ബിഹാറിന്റെ സ്വന്തം ഉത്പന്നമായ മഖാനയ്ക്ക് ലോകവിപണി കാത്തിരിക്കുകയാണ്. ബിഹാര്‍ ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായെന്നും മോദി പറഞ്ഞു.ബിഹാറില്‍ ജംഗിള്‍ രാജ് തുടര്‍ന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല. നേരത്തെ സര്‍ക്കാര്‍ ചെവഴിക്കുന്ന ഓരോ രൂപയിലും പതിനഞ്ച് പൈസമാത്രമേ ജനങ്ങളില്‍ എത്തിയിരുന്നുള്ളുവെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?. ബിഹാറിലെ ജംഗിള്‍ രാജ് ഭരണത്തെ അകറ്റി നിര്‍ത്തണമെന്നും നല്ലഭരണത്തിനായി വോട്ട് നല്‍കണമെന്നും മോദി പറഞ്ഞു.

ആര്‍ജെഡി ഭരണത്തില്‍ ബിഹാറില്‍ മാവോയിസ്റ്റ് കലാപം വ്യാപകമായിരുന്നു. കേന്ദ്രത്തില്‍ 2014ല്‍ തന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ മാവോയിസം അവസാനിപ്പിക്കുമെന്ന് താന്‍ പ്രതിജ്ഞയെടുത്തു. ഇപ്പോള്‍ അന്ത്യന്തം വിനയത്തോടെ താന്‍ പറുന്നു മാവോയിസത്തിന്റെ നട്ടെല്ല് തകര്‍ത്തെറിഞ്ഞെന്ന്. ഉടന്‍ തന്നെ രാജ്യം മാവോയിസ്റ്റ് ഭീഷണിയില്‍ നിന്ന് മുക്തമാകും. ഇതാണ് മോദിയുടെ ഉറപ്പ്. മുപ്പത് വര്‍ഷമായി അധികാരത്തിലിരുന്ന ബിജെപി കഴിഞ്ഞ തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് വിജയമാണ് നേടിയത്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഹരിയാനയിലും അതുതന്നെയായിരുന്നു സ്ഥിതി. ഇത്തവണ ബിഹാറിലും എന്‍ഡിഎ റെക്കോര്‍ഡ് വിജയം നേടുമെന്ന് മോദി പറഞ്ഞു.

243 മണ്ഡലങ്ങളിലേക്കായി ഇത്തവണ രണ്ട് ഘട്ടമായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ ആറിനും രണ്ടാംഘട്ടം നവംബര്‍ പതിനൊന്നിനുമാണ്. വോട്ടെണ്ണല്‍ പതിനാലിനാണ്.