പുതിയ ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത, കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം

കാസർകോട്: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി മാറും. ഈ സമയത്താണ് ചുഴലിക്കാറ്റിനു സാധ്യത ഉള്ളതായി നിരീക്ഷിക്കുന്നത്.

അതേസമയം ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിലവിലെ വിലയിരുത്തൽ. ചുഴലിക്കാറ്റ് ഉണ്ടായാലും വടക്കോട്ട് സഞ്ചരിക്കും. എന്നാൽ ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ചുഴലിക്കാറ്റിൻ്റെ ദിശ സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ മാത്രമേ വ്യക്തത വരികയുള്ളു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഉള്ള ന്യൂനമർദത്തിൻ്റെ ഫലമായി തെക്കൻ ജില്ലകളിലും അറബിക്കടലിൽ ഉള്ള ന്യൂനമർദത്തിൻ്റെ ഫലമായി വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.