സന: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്‍റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.
വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനെത്തുടര്‍ന്നു യെമനില്‍ നടന്ന ചര്‍ച്ചകളിലാണ് പ്രതീക്ഷയുണര്‍ത്തുന്ന തീരുമാനം. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മഹ്മൂദിന്റെ കുടുംബവുമായുള്ള മധ്യസ്ഥ ചര്‍ച്ചകളാണ് നടക്കുന്നത്. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയോടു പൊറുക്കാന്‍ കുടുംബം തയ്യാറായാല്‍, ഇസ്ലാമിക നിയമം അനുസരിച്ച് വധശിക്ഷ ഒഴിവാക്കാനാവും.

യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. ഹൂത്തി സര്‍ക്കാരുമായി ഇന്ത്യയ്ക്കു നയതന്ത്ര ബന്ധം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലിനു പരിമിതികളുണ്ടെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മധ്യസ്ഥര്‍ മുഖേന ഇടപെടാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രം അറിയിച്ചിരുന്നു.
യമന്‍ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.