ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി മലബാര്‍ മില്‍മ

കോഴിക്കോട്: ഓണ വിപണിയില്‍ സജീവമാവാന്‍ മലബാര്‍ മില്‍മ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓണത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളില്‍ 50 ലക്ഷം ലിറ്റര്‍ പാലിന്റെയും 10 ലക്ഷം കിലോഗ്രാം തൈരിന്റേയും അധിക വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണവിപണിയിലേക്കായി 300 ടണ്‍ നെയ്യും 100 ടണ്‍ പാലടയും വില്‍പ്പനക്കായി തയ്യാറായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റില്‍ ഇക്കുറിയും മില്‍മ നെയ്യ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലബാറിലെ 2.6 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്ന കിറ്റിലേക്കുള്ള നെയ്യിന്റെ ഉല്‍പാദനം ദ്രുതഗതിയില്‍ നടന്നുവരുന്നു.

മില്‍മയുടെ മൊത്തവിതരണക്കാര്‍, ഷോപ്പികള്‍, പാര്‍ലറുകള്‍, അംഗീകൃത ഡീലര്‍മാര്‍ എന്നിവരിലൂടെയും വിവിധ കണ്‍സ്യൂമര്‍ ഡിസ്‌ക്കൗണ്ട് പദ്ധതികള്‍ ഓണക്കാലത്ത് നടപ്പിലാക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. റിലയന്‍സ്, ലുലു, നെസ്റ്റോ, ജാംജും, ഡെ മാര്‍ട്ട് എന്നീ മോഡേണ്‍ ഫോര്‍മാറ്റ് സ്റ്റോറുകളുമായി സഹകരിച്ച് മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകളും നല്‍കും. ഗ്രാമീണ മേഖലകളില്‍ വിവിധ മില്‍മ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുവാന്‍ പ്രാഥമിക ക്ഷീരസംഘങ്ങള്‍, ഗ്രാമീണതല വനിതാ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി പ്രത്യേക വില്‍പ്പന പ്രോത്സാഹന പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ഗള്‍ഫ് മലയാളികളുടെ ഓണം സമൃദ്ധമാക്കുന്നതിനായി മില്‍മയുടെ നെയ്യ്, പാലട, പാല്‍പ്പൊടി, റെഡി ടു ഡ്രിങ്ക് പാലട പായസം എന്നിവ വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിത്തുടങ്ങി.

ഓണനാളുകളില്‍ സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക വിപണന സ്റ്റാളുകള്‍ നടത്തുവാന്‍ ധാരണയായിട്ടുണ്ട്. കൂടാതെ മലബാര്‍ മേഖലയിലെ എല്ലാ പ്രധാന ടൗണുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മില്‍മ സ്റ്റാളുകള്‍ ഓണനാളുകളില്‍ പ്രവര്‍ത്തന സജ്ജമാക്കും.

അടുത്തിടെ ഉദ്പാദനം ആരംഭിച്ച മില്‍മ പാല്‍പ്പൊടി വിപണിയില്‍ ഇന്ന് സജീവമാണ്. മലപ്പുറത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന മില്‍മ ‘ഡെ ടു ഡേ ഡെയറി വൈറ്റ്‌നര്‍’ (‘Day to Day Dairy Whitener’) കേരളത്തിലെ എല്ലാജില്ലകളിലും ലഭ്യമാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ 110 ടണ്ണോളം പാല്‍പ്പൊടി വിറ്റഴിക്കാനുമായി.

ആമസോണ്‍, സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിതുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളായ ബട്ടര്‍ ഇടിയപ്പം, ഗീ ഉപ്പുമാവ് എന്നിവയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളുടെ സൗകര്യാര്‍ത്ഥം ആമസോണ്‍ ബ്രാന്‍ഡ് സ്റ്റോറിലൂടെയുള്ള ഇന്‍സ്റ്റന്റ് പാലട മിക്സ് വില്‍പ്പനയ്ക്ക് ഷിപ്പിംഗ് ചാര്‍ജ്ജ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഓണവിപണിയില്‍ മില്‍മ നടത്തുന്ന മുന്നൊരുക്കങ്ങള്‍ എല്ലാ മലയാളികളുടേയും ഓണം സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു.