എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊച്ചിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി). കോണ്‍ഗ്രസിൻ്റെ വിജയോത്സവം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിപാടിയുടെ ഉദ്ഘാടനം നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ രാഹുൽ ഗാന്ധി നേരിട്ട് അഭിനന്ദിക്കുമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു. വാർഡ് തലം മുതൽ കോർപ്പറേഷൻ മേയർ തലം വരെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാവരും വരുന്നു. കേരള തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും വലിയ വിജയമായിരുന്നു എന്നും ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മാധ്യമത്തോട് പറഞ്ഞു.
“സിപിഎം ബിജെപിയുടെ ടീമാണ്… സിപിഎമ്മിൻ്റെയും ബിജെപിയുടെയും അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തണമെന്ന് ജനങ്ങൾക്ക് അറിയാം. കേന്ദ്രസർക്കാരിനെതിരായ രോഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ എംഎൻആർഇജിഎ തൊഴിലാളികളിലേക്കുള്ള രാജ്യവ്യാപകമായ ആശയവിനിമയം പാർട്ടി ശക്തമാക്കിയിട്ടുണ്ട്” എന്നും അദ്ദേഹം പറഞ്ഞു
