ഈ വർഷം മലപ്പുറത്ത് മാത്രം പിടിയിലായത് 678 കുട്ടി ഡ്രൈവർമാർ ഞെട്ടിക്കുന്ന കണക്ക്,
EDITORIAL – RAGESH SANKAR , PUTHALATH
മലപ്പുറം: ആരുടെയൊക്കെയോ അനാസ്ഥയ്ക്കു വിലയായി ജീവൻ കൊടുക്കേണ്ടിവരുന്ന നിസ്സഹായതയ്ക്കു മുൻപിൽ പകച്ചുനിൽക്കുകയാണു കേരളം. വാഹനമോടിക്കുന്നവർ ഒന്നു മനസ്സുവച്ചെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ. അപകടങ്ങളിലൂടെയാണു നാം നിത്യവും കടന്നുപോകുന്നത്. ഈ കുറച്ചു ദിവസങ്ങൾ ആയിട്ട് അപകടങ്ങൾക്ക് നിരത്തൊഴിയാൻ നേരമില്ല .പതിവാകുന്ന ഈ അപകടങ്ങൾക്ക് ആരാണ് ഉത്തരവാദി. മാതൃകാപരമായ കർശന നടപടികൾ ഉണ്ടാവാത്തത് തന്നെയാണ് വാഹനാപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ .അതിനിടയാണ് മലപ്പുറം ജില്ലയിൽ നിന്ന് ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്
മലപ്പുറം ജില്ലയിൽ ഈ വർഷം മാത്രം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത് 678 കുട്ടി ഡ്രൈവർമാരാണ് നിരത്തിലെ നിയമം ശക്തമായിട്ടും സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തുടരുകയാണ്. എ ഐ ക്യാമറകൾ മുതലുള്ള ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് നിയമലംഘകരെ പിടികൂടുന്നതിനിടയിലാണ് അപകടങ്ങൾ കുറവില്ലാതെ തുടരുന്നത്.. പലരും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചാണ് നിരത്തിലിറങ്ങുന്നത്. പ്രവാസി കുടുംബങ്ങളിൽ വാഹനം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരിലാണെങ്കിലും മിക്കപ്പോഴും ഉപയോഗിക്കുന്നത് കുട്ടിഡ്രൈവർമാരാണ്.വാഹനം നൽകുന്ന രക്ഷിതാക്കൾക്ക് 25,000 മുതൽ 35,000 വരെയാണ് പിഴ. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. വാഹനത്തിന്റെ ആർ.സി ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കൂടാതെ വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസൻസ് ലഭിക്കില്ല. വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക അനുവദിക്കില്ല. ഇരയ്ക്ക് വലിയ നഷ്ടപരിഹാരം സ്വന്തമായി നൽകേണ്ടി വരും.
റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ഇത്തരം സാഹസങ്ങൾ ജീവൻ അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പേകുന്നു. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്. ബൈക്കിൽ അൾട്രേഷൻ നടത്തുന്നതിലും മുന്നിൽ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തിൽ ചീറിപ്പായുന്നവരുണ്ട്.
അതിവേഗവും അശ്രദ്ധയുംകൂടി ചേരുമ്പോൾ ഉണ്ടാവുന്ന അപകടങ്ങളുടെ പെരുപ്പം നമ്മുടെ വലിയ സങ്കടമാണ്. കർശന നിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. കേരളത്തിലെ റോഡുകളും വാഹനങ്ങളും മനുഷ്യജീവനു കൊടുക്കുന്ന വില ചെറുതല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളായി അപകടങ്ങളെ കാണുന്നതു ശരിയല്ല. നാടിന്റെ ശാപമായ . വാഹനാപകടങ്ങൾ കുറയ്ക്കാൻ കർശനവും ഫലപ്രദവുമായ നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്നാണ് ഓരോ അപകടവും ഓർമിപ്പിക്കുന്നത്. റോഡുകളിലെ സ്ഥിരം ഭീഷണമേഖലകളെ അപകടരഹിതമാക്കുന്നതിലടക്കം റോഡ് സുരക്ഷയ്ക്കു കേരളം മുന്തിയ പ്രാധാന്യം നൽകിയേതീരൂ.