നൈജീരിയുടെ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബു ആണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. എലിസബത്ത് രാജ്ഞിക്ക് ശേഷം ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്കാരത്തിന് അർഹനാകുന്ന വിദേശ നേതാവെന്ന ഖ്യാതി കൂടിയാണ് നരേന്ദ്ര മോദി സ്വന്തമാക്കിയത്. 1969 ലായിരുന്നു എലിസിബത്ത് രാജ്ഞിക്ക് നൈജീരിയൻ ഭരണകൂടം പുരസ്കാരം നൽകിയത്. 45 വർഷങ്ങൾക്ക് ശേഷം മറ്റൊരു വിദേശ നേതാവായ മോദി പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ അത് ഇന്ത്യക്കും വലിയ അഭിമാനമായി. മോദിക്ക് ലഭിക്കുന്ന 17 -ാമത്തെ രാജ്യാന്തര പുരസ്കാരമാണ് ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് പുരസ്കാരം സമ്മാനിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’ പുരസ്‌കാരം ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതിന് നൈജീരിയൻ സർക്കാരിനോട് നന്ദി പറയുന്നുവെന്നും 140 കോടി ഇന്ത്യൻ പൗരന്മാർക്കും പുരസ്‌കാരം സമർപ്പിക്കുന്നുവെന്നുമാണ് മോദി പറഞ്ഞത്. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള അഗാധമായ സൗഹൃദം തുടരുമെന്നും വ്യക്തമാക്കിയ ശേഷമാണ് മോദി നൈജീരിയിൽ നിന്നും മടങ്ങിയത്. നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി, ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെത്തി. ജി 20 ഉച്ചകോടിക്കിടെ നിരവധി നേതാക്കളുമായി മോദി പ്രത്യേക ചർച്ച നടത്തും. ജി 20 ഉച്ചകോടിക്ക് ശേഷം മോദി, ഗയാനയിലേക്കാണ് പോകുക. 1968 ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്.