വായനയുടെ സുവിശേഷങ്ങൾ..

(ഒരു സാദാ വീട്ടമ്മ മുതൽ ഉമ്പർട്ടോ എക്കോ വരെ..)

മുജീബ് ആർ അഹ്‌മദ്‌

വായനയുടെയും മാറ്റങ്ങൾ പുതിയ ആകാശങ്ങളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതിന്ന് പകരമായി വായനയുടെ മരണം പ്രതീക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതുമാണ് യഥാർത്ഥത്തിൽ അക്ഷന്തവ്യമായ അപരാധമാകുന്നത്.

ഇത്തരമൊരു ചിന്തയോട് ചേർത്ത് വെയ്ക്കാവുന്ന ചോദ്യം തന്നെയാണ് ‘വായന കൊണ്ട് ആർക്ക്,എന്താണ് പ്രയോജനം..?’ എന്നതും.എത്രയോ കാലങ്ങളായി അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന ഈ ചോദ്യം വെറുമൊരു സാധാരണക്കാരനിൽ നിന്ന് സരസമായി എന്നത് പോലെ,ദാർശനിക തലത്തിൽ ഗൗരവത്തോടെയും ഉന്നയിക്കപ്പെടുന്നുണ്ട്.

ഈ ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരം,
‘തന്നത്താൻ വിട്ടു കളയാനുള്ള ഏറ്റവും എളുപ്പവഴി വായനയാണ്.’ ഉപകരണപരമോ,ഉപകാരപ്രദമോ ആയ മറ്റൊരു പ്രയോജനവും കണ്ടെത്താൻ ഇടയില്ലാത്ത വായന എന്ന സംസ്കാരം യഥാർത്ഥത്തിൽ മറ്റേതൊരു കലാ സങ്കേതത്തിന്നുമപ്പുറം മുന്നോട്ട് വെയ്ക്കുന്ന പ്രയോജനം നമുക്ക് നമ്മെ ഉപേക്ഷിച്ചു മറ്റൊരാളെ സ്വീകരിക്കാൻ എളുപ്പം സാധിക്കുന്നു എന്നതാണ്.
‘എഴുതപ്പെട്ട കൃതിയിൽ ഒരു ചക്രവാളമുണ്ട്,വായനയുടെ സന്ദർഭത്തിൽ മറ്റൊരു ചക്രവാളം രൂപപ്പെടുന്നുണ്ട്’
എന്ന് വ്യാഖ്യാനശാസ്ത്ര ചിന്തകനായ ഗദാമാർ തന്റെ Fusion of Horizon എന്ന പുസ്തകത്തിൽ പരാമർശിക്കുന്നതിന്റെ വിശദീകരണം ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

സ്ഥല കാലങ്ങൾ കൊണ്ടു വളരെ പരിമിതമായ ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട ഓരോ മനുഷ്യനും അനന്തമായ മനുഷ്യ രാശിയുടെ ജീവിതത്തെ,ജീവിതാനുഭവങ്ങളെ തന്റേതെന്ന പോലെ,തന്റെ ഭാവനാ പരിസരത്ത് നിന്ന് കൊണ്ട് കണ്ടെടുക്കാൻ ശ്രമിക്കുന്നത് വായനയിലൂടെ മാത്രമാണ് എന്നോ മറ്റേതൊരു കലാ രൂപത്തെക്കാൾ കൂടുതൽ വായനയിലാണ് അത് സാധ്യമാകുന്നതെന്നോ തീർച്ചയാണ്.

ഒരു കൃതി എഴുതപ്പെട്ട കാലത്തിൽ നിന്ന് വായിക്കപ്പെടുന്ന കാലത്തിലേക്ക് എത്തി ചേരുമ്പോൾ ഏറ്റവും കുറഞ്ഞ സമയമായാലും,എത്ര തന്നെ നൂറ്റാണ്ടുകൾ കഴിഞ്ഞാലും,മറ്റൊരു ലോകത്തിലിരുന്ന് കൊണ്ടാണ് വായിക്കപ്പെടുന്നത്.എഴുത്തുക്കാരൻ എഴുതി വെച്ചതിനുമപ്പുറത്തുള്ള ഒരു കാലത്തിലും ലോകത്തിലുമിരുന്നാണ് ഓരോ വായനക്കാരനും ആ കൃതിയെ വായിച്ചെടുക്കുന്നത്.

‘ഓരോ വായനയും,ആ കൃതിയുടെ ഏറ്റവും ആദ്യ വായന പോലും പുനർ വായനയാണ്’ എന്ന ഉമ്പർട്ടോ എക്കോയുടെ നിരീക്ഷണവും അവനവനെ വിട്ടു കളഞ്ഞു അപരനെ സ്വീകരിക്കുന്നതിന്റെ അടയാള വാക്യങ്ങളായി പരിഗണിക്കാവുന്നതാണ്.

തീവ്രനുരാഗിയായ ഒരാളുടെ കാഴ്ചയ്ക്കനുസരിച്ചു കാണുന്ന വസ്തുവിന്റെ ഭംഗിയും രൂപവും ഘടനയുമെല്ലാം മാറുന്നതും കൂടുതൽ സുന്ദരമായി പ്രത്യക്ഷപ്പെടുന്നതും വായനയിൽ മാത്രമാണ്.
മറ്റു കലാ രൂപങ്ങളിൽ,അവതരിപ്പിക്കുന്ന കലാകാരന്റെ മനോധർമങ്ങൾക്കനുസരിച്ചു അനുവാചകനും സ്വയം പാകപ്പെടേണ്ടി വരുമ്പോൾ,വായനയിൽ അത് വേണ്ടി വരുന്നില്ല എന്ന് മാത്രമല്ല തന്റെതായ ഒരു ലോകത്തിലേക്ക് എഴുത്തുക്കാരന്റെ വരികളെ കടത്തി കൊണ്ട് പോകുവാൻ വായനക്കാരന് അവകാശമുണ്ട് താനും.

നാം ലോകത്തെ കുറിച്ചുണ്ടാക്കുന്ന പരിമിതികളെ,എത്രയോ ഹ്രസ്വമായ ധാരണകളെ ഭേദിച്ച് മനുഷ്യാവസ്ഥയുടെ വിസ്തൃതിയിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകും എന്നതാണ് വായനയുടെ ഏറ്റവും വലിയ സാധ്യത എന്ന് കരുതാം.
ലോകമുള്ളിടത്തോളം കാലം കടന്നു വരുന്ന മനുഷ്യ ജന്മങ്ങളുടെ ഏത് അവസ്ഥയും,ചരിത്രമായോ ഫിക്ഷനായോ ഓർമകളായോ അനുഭവങ്ങളായോ കഥയും കവിതകളായോ അവതരിപ്പിക്കാൻ എഴുത്തിന്ന് സാധിക്കുമെന്നതും വായനയെ കാലാതിവർത്തിയായ ഒരു പ്രതിഭാസമാക്കി മാറ്റുമെന്നതിൽ തർക്കങ്ങളൊന്നുമില്ല.

മറ്റേതൊരു സംഗതിയെ കുറിച്ച് പറയുമ്പോഴും നാം പ്രയോഗിക്കുന്ന ക്ളീഷേ,വായനയെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചുമെല്ലാം ചർച്ച ചെയ്യുമ്പോഴും നാം എടുത്തു ഉദ്ധരിക്കാറുണ്ട്.വരും തലമുറയ്ക്ക് വായിക്കാനും എഴുതാനും ഒക്കെ സമയമുണ്ടോ,താല്പര്യമുണ്ടോ.?!
പുസ്തകങ്ങളുടെ പെരുപ്പത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട വിധം പുസ്തകങ്ങളുടെ എണ്ണം അനുദിനം പെരുകുന്ന ഈ കാലത്തും നാം വെച്ച് പുലർത്തുന്ന അനാവശ്യമായ ആധികളിലൊന്നായി മാത്രമേ ഇത്തരമൊരു സംശയത്തെ കാണേണ്ടതുള്ളു.മറ്റേതൊരു മേഖലയിലും സംഭവിച്ച മാറ്റങ്ങളും അപചയങ്ങളും വായനയുടെയും പുസ്തകങ്ങളുടെയും കാര്യത്തിലും സംഭവിച്ചിട്ടുണ്ടാകാം.രീതികൾ മാറുന്നു എന്നത് കൊണ്ട് ഒരു പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായി എന്നൊരു മിഥ്യാധാരണ വെച്ച് പുലർത്തുന്നതിൽ അർത്ഥമില്ല.അത്തരമൊരു ആശങ്ക ഏറ്റെടുത്തു വെപ്രാളപ്പെടേണ്ടതുമില്ല.

വായന കൊണ്ട് മാത്രം സാധ്യമാകുന്ന അനുഭൂതിദായകമായ അനുഭവ തലങ്ങളെ അനുവാചകനിലേക്ക് എത്തിക്കാൻ മറ്റൊരു കലാ മാധ്യമ സങ്കേതങ്ങൾക്കും കഴിയാത്തിടത്തോളം കാലം വായന മരിക്കുന്നു എന്നത് ഒരു വനരോദനമായി മാത്രം അവശേഷിക്കും.ഏതെല്ലാം തലമുറകൾ കടന്നു പോയാലും വായന നിലനിൽക്കുമെന്നും അന്നും ഇത്രമേൽ ഉച്ചത്തിൽ തന്നെ വായന മരിക്കുന്നു എന്ന ഇതേ നിലവിളി ഉയർന്നു കൊണ്ടിരിക്കും എന്ന് ഭൂതക്കാലങ്ങളിൽ നിന്നുയർന്നു ഇപ്പഴും തുടരുന്ന അലോസരപ്പെടുത്തുന്ന ഈ ഗതികെട്ട നിലവിളികൾ നമ്മെ ആശ്വസിപ്പിക്കുന്നുമുണ്ട്.

വായന പുസ്തകങ്ങളുടെ ലോകത്തു നിന്ന് മൊബൈലിലേക്കും ഓൺലൈൻ സിസ്റ്റത്തിലേക്കും മാറിയിട്ടുണ്ടാകാം.അങ്ങനെ മാറുമ്പോൾ ഏറ്റവും ചെറിയ ഒരിടത്തിൽ പോലും സ്വകാര്യമായ വായന സാധ്യമാകുന്നു എന്ന ഗുണത്തെ കണ്ടില്ലെന്ന് നടിച്ചു,ഒരു? Pessimist തലത്തിൽ മാത്രം കാര്യങ്ങളെ കാണാൻ ശ്രമിക്കുമ്പോൾ വായനയ്ക്ക് മാത്രമല്ല അതുപോലുള്ള പലതിനും ചരമഗീതമെഴുതാൻ സമയമായി തുടങ്ങി എന്ന് കരുതേണ്ടി വരും.