സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ പൂട്ടാന്‍ ഒരുങ്ങി റെയിൽവെ .ടിക്കറ്റ് നൽകാൻ ഇനി സ്വകാര്യ ഏജൻസികൾ;

ന്യൂഡൽഹി : റെയിൽവെ സ്റ്റേഷനുകളിൽ ടിക്കറ്റ് നൽകാൻ ഇനി സ്വകാര്യ ഏജൻസികൾ. സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ പൂട്ടാന്‍ ഒരുങ്ങുകയാണ് റെയിൽവെ. കൗണ്ടറിലെ സ്ഥിരംജീവനക്കാരെ പിന്‍വലിച്ച് ടിക്കറ്റ് നല്‍കാനായി കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരും. അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് നല്‍കാന്‍ സ്റ്റേഷനുകളില്‍ മൊബൈല്‍ യുടിഎസ് (എം-യുടിഎസ്) സഹായകിനെ നിയമിക്കും. നിലവില്‍ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ നടപ്പാക്കുന്ന പൈലറ്റ് പദ്ധതി പിന്നീട് വ്യാപിപ്പിക്കും. സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ കുറച്ച് ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും യുടിഎസ് സഹായകിനെ നിയമിക്കുന്നത്.

നിലവില്‍ റെയില്‍വേ സ്റ്റേഷനകത്തും പുറത്തും സ്വകാര്യ ഏജന്‍സികള്‍ സാധാരണ ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്. ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക് കൗണ്ടറുകള്‍ (ജെടിബിഎസ്) അതില്‍ പ്രധാനമാണ്. 2019 മുതലാണ് ജെടിബിഎസ് ശക്തമായത്. ഇതിനുപിന്നാലെ സ്റ്റേഷനുള്ളില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ (എടിവിഎം മെഷീന്‍) വന്നു. റിട്ട. റെയില്‍വേ ജീവനക്കാര്‍ ഉള്‍പ്പെടെ ഇത് കരാറെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നു.

ഇതിനുപിന്നാലെ സ്റ്റേഷനുള്ളിലേക്കും ഏജന്‍സികളെത്തി. സ്റ്റേഷന്‍ ടിക്കറ്റ് ബുക്കിങ് ഏജന്റ് (എസ്ടിബിഎ) എന്നാണ് പേര്. കേരളത്തിലെ പല സ്റ്റേഷനുകളിലും എസ്ടിബിഎ ഏജന്റുമാരാണ് നിയന്ത്രിക്കുന്നത്. കമ്മിഷന്‍ വ്യവസ്ഥയിലാണ് വേതനം

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം റെയില്‍വേ നേരത്തേ തുടങ്ങിയിരുന്നു. തത്കാല്‍ റിസര്‍വേഷനടക്കം നല്‍കുന്ന പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറിന്റെ മുഖം ആദ്യം മാറ്റി. ഇന്റഗ്രേറ്റഡ് അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (ഐയുടിഎസ്) കൗണ്ടര്‍ എന്നാക്കി. നിശ്ചിതസമയങ്ങളില്‍ റിസര്‍വേഷന്‍ കൗണ്ടറായി പ്രവര്‍ത്തിക്കും.

അത് കഴിഞ്ഞാല്‍ സാധാരണ ടിക്കറ്റ് നല്‍കുന്ന യുടിഎസ് കൗണ്ടറാകും. ഇത്തരം സ്റ്റേഷനുകളില്‍ രാത്രി സ്റ്റേഷന്‍മാസ്റ്ററാണ് ടിക്കറ്റ് നല്‍കേണ്ടത്. ഇത് സുരക്ഷയെ ഉള്‍പ്പെടെ ബാധിക്കുമെന്ന് റെയില്‍വേ നിരീക്ഷിച്ചിരുന്നു. ടിക്കറ്റുകളുടെ വില്‍പ്പന, വണ്ടികളുടെ യാത്രാവിവരങ്ങള്‍ നല്‍കല്‍ എന്നിവ സ്റ്റേഷന്‍ മാസ്റ്ററില്‍നിന്ന് ഒഴിവാക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.