
തിരുവനന്തപുരം : ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായാണ് പ്രധാനമന്ത്രി എത്തിയത്. മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തുടർന്ന് ബിജെപി വേദിയിലെത്തിയ പ്രധാനമന്ത്രിയെ അയ്യപ്പ വിഗ്രഹം നൽകിയാണ് സ്വീകരിച്ചത്. കോൺഗ്രസിനെയും ഇടതിനെയും കുറ്റപ്പെടുത്തിയുള്ളതായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും അതിരൂക്ഷമായാണ് മോദി വിമർശിച്ചത്.
