മോനേ… ശരണേ… നിന്നേ വിളിക്കുന്നത് കേൾക്കുന്നുണ്ടോ, മോനേ ശരണേ… നിനക്കു ഞാൻ തരാം ..ട്ടോ.. വിളിച്ചാൽ വിളി കെട്ടൂടെ?… സോറി മോനേ വിളി കേൾക്കാൻ നീ ഇവിടെ ഇല്ലല്ലോ അല്ലേ?. മോനേ നീ അറിയുന്നുണ്ടോ എല്ലാം. നിനക്ക് സന്തോഷമാണോ അതോ സങ്കടമാണോ? രണ്ടും ചേർന്നൊരു വികാര ത്തിലാണ് നീയെന്നു അമ്മക്കറിയാം. നമ്മുടെ ‘ആഞ്ച ലിക്കാ ഗ്ലോക്ക’ ജൂൺ 26ന് റിലീസ് ആയി മോനേ. അമ്മ യ്ക്കൊപ്പം നിന്നെയും എന്നെയും സ്നേഹിക്കുന്നവർ ഒരുമിച്ച് നിന്നു. അവൻ പോവുമ്പോൾ പാതിയാക്കിവെച്ച, ഷൂട്ട് നടന്നു കൊണ്ടിരുന്ന, ‘ആഞ്ചെലിക്ക ഗ്ലോക്കാ’ എന്ന ഷോർട്ട് ഫിലിമിൻ്റെ ഷൂട്ട് ആയിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി. എന്നാൽ ഒരു തടസ്സവും കൂടാതെ നല്ല പ്രയാസത്തോടെ അവൻ്റെ അദൃശ്യമായ സാനിധ്യത്താൽ ഞങ്ങളത് എല്ലാവരുടെയും കൂട്ടായ പ്രയത്നത്താൽ പൂർത്തീകരിച്ചു. അവസാനം അവൻ്റെ കയ്യൊപ്പ് പതിഞ്ഞ ലാസ്റ്റ് പ്രോജക്ട് എന്ന നിലയിൽ, ബി ഗ് സ്ക്രീനിൽ അവൻ്റെയും അനലിൻ്റെയും പേര് എഴുതി

ക്കാണിക്കുന്നത് കാണണമെന്ന അവന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായ് എല്ലാ റിസ്‌ക്കും ഏറ്റെടുത്തു തീയേറ്ററിൽ 2 ഷോ പ്രദർശിപ്പിച്ചു.
അനലിനും അകിക്കും പലപ്പോഴും കാലിടറി.(അന ലും അകിയും അവനും ചേർന്നതായിരുന്നു അവർ അഥവാ ആംഗിൾ ഫ്രയിംസ് (ഞങ്ങൾ സഹോദരങ്ങൾ എന്ന് ആണയിട്ടവർ) അകി ഒരു സിനി ആർട്ടിസ്റ്റ് ആണ്). അപ്പോഴൊക്കെ നീയാണോ അവരെ പിടിച്ചു നിർത്തിയതെന്നു തോന്നി. റെസ്റ്റില്ലാത്ത ഓട്ടമായിരുന്നു. കൊച്ചിയും ചെന്നൈയും കോഴിക്കോടും ആയി ഓട്ടം തന്നേ. പലപ്പോഴും അനലിനെ ഒറ്റപ്പെടലിന്റെ അഥവാ നിൻ്റെ അഭാവം തളർത്തി എങ്കിലും, എപ്പോഴും നിങ്ങൾ പറയാറുള്ള അമ്മയാണ് ഞങ്ങളുടെ ശക്തി എന്ന ആപത്‌വാക്യം പിടിച്ചു നിർത്തി. നിൻ്റെ വേർപാടിന്റെ വേദന കടിച്ചമർത്തി നിന്നെ നീയാക്കാൻ നിൻ്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പൂർത്തീകരിക്കാൻ, ആത്മാർത്ഥമായി അമ്മക്കെ പറ്റു എന്ന ചിന്തയാണ് അല്ലെങ്കിൽ നീ കൂടെ ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് മോനേ അമ്മയെ അവർക്കൊപ്പം നടത്തിയത്. ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. പേര് പറഞ്ഞാൽ തീരില്ല. ചിലരുടെ പേര് പറയാതെ പറ്റില്ല. ആരും നിങ്ങളുടെ പേര് പറഞ്ഞില്ലല്ലോ എന്ന് വിചാരി ക്കരുത്.എന്തിന്റെയും വിജയത്തിന് പിന്നിൽ ഒരുകൂട്ടം ആളുകളുടെ കൂട്ടായ്‌മയുണ്ട് എന്ന സത്യം മറക്കരുത്. നമ്മൾ പേടിച്ചിരുന്ന ഒരുപാട് ആളുകൾ ഉള്ള നൈറ്റ് ഷൂട്ട് അതായിരുന്നു എല്ലാവരെയും തളർത്തിയതും എല്ലാവരും സത്യസന്ധമായി കൂടെനിന്നു വിജയിപ്പിച്ചതും. നേരം വെളുക്കുവോളം ആ ഷൂട്ടിന് ഞങ്ങളെ സഹായിച്ച കൂടെ നിന്ന നിൻ്റെ സ്ഥാപനത്തിലെ മാഷടക്കമുള്ള (വൈശാഖ്) Midanay യിലെ എല്ലാവർക്കും ഹൃദ യത്തിന്റെ കയ്യൊപ്പ് ചാർത്തിയ സ്നേഹവും നന്ദിയും അറിയിക്കുന്നതോടൊപ്പം അവനോടു നിങ്ങൾ കാണിച്ച സ്നേഹത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അസോ സിയേറ്റ് ഡയറക്ടർ സജീവ് താനൂർ, ആർട്ട് ഡയറക്ടർ ധനരാജ് താനൂർ, അസോസിയേറ്റ് ഡയറക്ടർ അഖിൽ സാമ്രാട്ട്, ദിയ സാമ്രാട്ട്,ആർട്ട് ഡയറക്ടർ സുലിൽ തേഞ്ഞിപ്പാലം, അലി ഹർഷൽ ടീം, ഉബൈസ് ആൻഡ് ടീം കൂടാതെ എന്നും ഞങ്ങളുടെ കൂടെ എന്തിനും തയ്യാറായി നിൽക്കുന്ന ആംഗിൾ ഫ്രെയിംസ് ടീമും സ്വന്തക്കാരും, സാങ്കേതികമായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാ വർക്കും പ്രത്യേകിച്ച് സംഗീതം പകർന്ന രാജീവ് റാം, ലെറിക്സ‌് എഴുതിയ ശ്യാംബാബു ഹെബിൻ (5.1) തീയേറ്റർ റിലീസിനായി ഞങ്ങളോട് സഹകരിച്ച മണ്ണുർ ചിത്ര സിനി പ്ലസ് തീയേറ്റർ ഉടമകൾ, ടീസർ റിലീസിനായി സ ഹായിച്ച അജയ് സെക്ലോബ്, റാഷിദ് റാഷി, സീരിയൽ ആർട്ടിസ്റ്റുകൾ, ഇൻഫ്‌ലൂൻസേഴ്‌സ്, സിനിമ ആർട്ടിസ്റ്റുകൾ എല്ലാവർക്കും മോൻറെയും ഞങ്ങളുടെയും സ്നേഹവും കടപ്പാടും അറിയിക്കുന്നു. ഇന്ന് ഞാൻ അവന്റെ ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുക്കുന്ന സംതൃപ്തിയിലാണ്. പൃഥിരാജിനെ കൊണ്ട് ഷോർട്ട് ഫിലിം യൂട്യൂബ് റിലീസ് ചെയ്യിച്ചു. മോനേ അമ്മക്ക് ഇനിയൊരു ജീവിതമില്ല. നിന്റെ ആഗ്രഹങ്ങൾ സ്വപനങ്ങൾ അതു എന്ന് പൂർത്തിയാവുന്നുവോ അന്ന് വരെയേ ഈ അമ്മ ജീവിക്കു. അല്ലെങ്കിലും ഈ അമ്മ അമ്മക്ക് വേണ്ടി ജീവി ച്ചില്ലല്ലോ. നിന്റെ കുടെ നിൻ്റെ അമ്മയും മരിച്ചു. ഇപ്പൊ അമ്മയുടെ ആത്മാവ് ആണുള്ളത്. ആത്മാവ് അതിന്റെ കർമ്മം പൂർത്തിയായാൽ പോവേണമല്ലോ അല്ലേ മോനേ…? ശരണെ….?

ആംഗിൾ ഫ്രെയിംസിന്റെ ‘ആഞ്ചെലിക്ക ഗ്ലോക്ക’ എന്ന ഷോർട്ട് ഫിലിമിൻ്റെ യൂട്യൂബ് റിലീസിനായി മകന്റെ സ്വപ്നം നടത്തി തന്ന ജെയിൻ യൂണിവേഴ്‌സിറ്റി, ഡയറക്ടർ ടോം ജോസഫ്‌സർ, ഫെലിക്‌സ് സർ എങ്ങിനെ നിങ്ങളോടുള്ള നന്ദി പറയണമെന്ന് എനിക്കറിയില്ല. കാരണം ഷൂട്ട് തുടങ്ങിയ സമയത്ത് അവൻ പറഞ്ഞ വാക്ക് (ഇതിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് പൃഥ്വിരാജിനെ കൊണ്ട് ചെയ്യിക്കാം. അതിന് ആളുണ്ട്. എല്ലാം കഴിയട്ടെ) അതായിരുന്നു എല്ലാറ്റിനും തുടക്കം. അവന്റെ നടക്കുമോ എന്നറിയാത്ത ആഗ്രഹം, നടത്തിക്കൊടുക്കണമെന്ന എന്റെ ഉറച്ച തീരുമാനം അതാണ് ജെയിൻ യൂണിവേഴ്സിറ്റി എന്ന അവൻ്റെ ജീവ വായുവിൽ എത്തി ച്ചത്. അതിന് എനിക്കെ കഴിയൂ എന്ന ബോധ്യം കുട്ടികൾക്കും ഉണ്ടായിരുന്നു. എൻ്റെ പൊന്നു മോന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നടത്തിക്കൊടുക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ജീവിക്കുന്നത്. എന്നിൽ ഒരു വിശ്വാസം അവനു എപ്പോഴും ഉണ്ടായിരുന്നു. അപ്പൊൾ ഞാനത് ചെയ്‌തു കൊടുത്തില്ലെങ്കിൽ പിന്നെ അവന്റെ അമ്മയായിരിക്കാൻ എനിക്ക് എന്തർഹതയാണുള്ളത്. ഒരിക്കൽ പോലും നടക്കാത്ത ആലോചിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണ് എന്നെനിക്കറിയാം. പക്ഷേ ഞാൻ എൻ്റെ മകനെ മാത്രമേ ഓർ ത്തുള്ളൂ. അതുകൊണ്ട് തന്നെയാണ് ജെയിൻ യൂണിവേഴ്സിറ്റി എന്ന അവൻ്റെ കോളേജുമായി സംസാരിച്ചതും. അവർക്കത് നിസ്സാരമായി തള്ളാമായിരുന്നു, കാരണം ഒരു കോളേജിൽ എത്രയോ കുട്ടികൾ പഠിക്കുന്നു പോവുന്നു അതിൽ ഒരുവനായി മാത്രം കണ്ടാൽ മതിയായിരുന്നു. എന്നാൽ ഒരമ്മയുടെ അനിർവച നീയമായ ഭാവങ്ങൾക്കു മേലേ ശരൺ കൃഷ്‌ണ എന്ന വിദ്യാർത്ഥി അവരിൽ ചെലുത്തിയ സ്വാധീനം അവനോടുള്ള സ്നേഹം അതിനെല്ലാം മേലേ അവനെന്ന വിദ്യാ ർത്ഥിയിൽ അവർ കണ്ട ആത്മാർഥത വിനയം സേവനം അതെല്ലാം തന്നെയാവാം, അമ്മയിലൂടെ അവന്റെ ആഗ്രഹം അറിയിച്ചപ്പോൾ അതു നടത്തി തരാൻ അവർ തയ്യാറായതും. അതിനാൽ തന്നെ അമ്മയെന്ന എനിക്ക് കൂടുതലൊന്നും ചെയ്യേണ്ടിയും വന്നില്ല. ഈ അവസരത്തിൽ എനിക്ക് പറയാൻ വാക്കുകൾ ഇല്ല. കാരണം അവന്റെ സ്വപ്‌നമാണ് നടന്നത്. അതിന് സഹായിച്ച ഫെലിക്സ് സർ, ലക്ഷ്‌മി മാം, ടോം സർ ഞാൻ എന്താണ് നിങ്ങളോട് പറയേണ്ടത് സത്യത്തിൽ അറിയില്ല. കണ്ണുനീർ മാത്രമാണ് ഊർന്നു വരുന്നത്. അത്രക്കും വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യമാണ് നിങ്ങൾ നടത്തി തന്നത്. എൻ്റെ മോനേ നിങ്ങൾ എത്രയേറെ സ്നേഹിക്കുന്നു. അവനെ എത്രയേറെ ആദരിക്കുന്നു എന്നതിന്റെ തെളിവാണ്. എൻ്റെ മനസ്സിൻ്റെ ഉ ളളിലെ വികാരം എങ്ങനെ അറിയിക്കണമെന്ന് അറിയില്ല. ഹ്യദയം തുറന്ന് എൻ്റെ മോൻ്റെ പേരിൽ നന്ദി ന ന്ദി നന്ദി…ഹ്യൂജ് ഹഗ്…. എൻ്റെ കയ്യിൽ ഉണ്ടായിരുന്ന അവന്റെ ഒരു ഫോട്ടോ അതു ഞങ്ങൾക്കു തരുമോ ഞങ്ങളുടെ ഡിപ്പാർട്ടുമെൻ്റിൽ വെക്കാനാണ് എന്ന് ടോം സർ പറഞ്ഞപ്പോൾ, ഈ ലോകത്തിലെ അംഗീകരിക്കപ്പെട്ട ഏറ്റവും വലിയവൻ എൻ്റെ മകനാണെന്ന് ഞാ൯ അറിഞ്ഞു. കാരണം ബാംഗ്ലൂരിലെ ടോപ്പെസ്റ്റ് യൂ ണിവേഴ്‌സിറ്റികളിൽ ഒന്നായ Jain University Kochi എന്ന ഒരു സ്ഥാപനം അവൻ്റെ ഫോട്ടോ അവിടെ വെക്കുന്നു എന്ന് പറഞ്ഞാൽ, അവൻ അവർക്കു എത്രയേറെ പ്രിയപ്പെട്ടവനും ആദരണീയനും ആണെന്ന് അിറയുകയായിരുന്നു ഞാൻ. അവനെപ്പോലൊരു മകനെ പ്രസവിച്ച ഞാനെന്ന അമ്മ എത്ര ഭാഗ്യവതിയാ. അവന്റെ അമ്മയായി തലയുയർത്തി എനിക്ക് നിൽക്കാം. അതേ അവൻ മനുഷ്യനല്ല ദൈവപുത്രൻ തന്നെയാ.

എല്ലാറ്റിനും ഉപരി പ്യഥി എന്ന് വിളിക്കണോ രാജു എന്ന് വിളിക്കണോ അറിയില്ല, അനിയൻ്റെ പ്രായമേ ഉള്ളൂ എന്നറിയാം. നിങ്ങൾക്കുമുന്നിൽ തല ഉയർത്തി നി ൽക്കാനുള്ള യോഗ്യതപോലും ഇല്ലാത്ത ഞങ്ങളുടെ
അപേക്ഷ അങ്ങ് കേട്ടല്ലോ അംഗീകരിച്ചല്ലോ. എന്റെ മകൻ ആരെന്നറിയാതെ എന്തെന്നറിയാതെ താങ്കൾ അവന്റെ ആഗ്രഹം നിറവേറ്റികൊടുത്തല്ലോ. നന്ദി രാജു നന്ദി നന്ദി… അവന് കിട്ടാവുന്നതിൽ ഏറ്റവും വലിയ അംഗീകാരം. ഒന്നും അറിയാതെ എന്തിന്റെ പേരിലായാലും അങ്ങ് ചെയ്‌തു തന്നു. ഈ അമ്മ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞാൽ തീരില്ലെന്നറിയാം, പാവങ്ങളായ ഞങ്ങൾക്കു ഇതിൽ കൂടുതൽ പറയാനറിയില്ല. അവനു വേണ്ടി വീണ്ടും ന ന്ദി നന്ദി നന്ദി….താങ്കളുടെ ‘ആടു ജീവിതം’ എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ എൻ്റെ മകനോട് ചോദിച്ചു. “മോനേ എനിക്കൊന്നു പൃഥ്വിരാജിനെ കാണിച്ചു തരുമോ? അന്നവൻ കളിയാക്കി ചിരിച്ചു ഒരിക്കലും നടക്കാത്ത ആഗ്രഹം എന്ന ഭാവത്തിൽ. എന്നാൽ ഇന്ന് അവൻ തന്നെ അല്ലെങ്കിൽ അവൻ കാരണം എനിക്ക് രാജുവിനെ കാണേണ്ടി വന്നു. ഇന്നും അവൻ ഒന്നും അിറയാത്ത ഭാവത്തിൽ ചിരിക്കുകയാവും. (“കണ്ടില്ലേ പൃഥ്വിരാജിനെ, കാണിച്ചു തന്നില്ലേ ഞാൻ?”) എന്ന കള്ളച്ചിരിയുടെ ഭാവത്തോടെ. അവനില്ലാതെ സങ്കടത്തോടെ അതിലുപരി അവൻ്റെ ആഗ്രഹം നടന്ന സംതൃപ്‌തിയോടെ. കോടാനുകോടി നന്ദി രാജു. നന്ദി നന്ദി…
2002 ഫെബ്രവരി 12ആം തിയ്യതി മകരം 30 തിനു ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12നും 12.30ക്കും ഇടയിൽ ആയിരുന്നു അവൻ ഈ ഭൂമിയിലേക്ക് പിറന്നു വീണത്. മൂന്നു മാസം വരെ രാത്രി കാലങ്ങളിൽ ഉള്ള കരച്ചിലൊഴിച്ചു, പൊതുവെ ശാന്തനായിരുന്നു അവൻ. ചെറുപ്പം മുതലേ പ്രായത്തിൽ കവിഞ്ഞ പക്വത അവൻ കാണി ച്ചിരുന്നു. പിന്നീട് അങ്ങോട്ട് അവൻ്റെ എല്ലാ വളർച്ചയും വികാസവും ശരവേഗത്തിലായിരുന്നു. അവൻ ഭൂമിയിൽ പിറവിയെടുത്തതേ നേരത്തെ ആയിരുന്നുവല്ലോ. ഡോക്ടർ പറഞ്ഞ തീയതിക്ക് ഒരു മാസം മുന്നേ പിറവിയെടുക്കാൻ തിടുക്കം കൂട്ടിയത്, തിരിച്ചു പോവുന്നതിനു വളരെ കുറഞ്ഞ കാലം മാത്രമെ ഉള്ളൂ എന്നവനറിഞ്ഞിട്ടുണ്ടാവാം. വളരെ അനുസരണയുള്ള വിനയവും ലാളിത്യവും ക്ഷമയും സഹനവും കൈമുതലായുള്ള മിടുക്കൻ. അതായിരുന്നു അവനെക്കുറിച്ച് എന്നും എല്ലാവർക്കും പറയാനുണ്ടായിരുന്നത്. പഠിച്ച കലാലയങ്ങളിലെ അധ്യാപകർക്കായാലും ജോലി ചെയ്‌ത സ്ഥാപനങ്ങളിലെ സഹപ്രവർത്തകർക്കായാലും സഹോദരങ്ങളെ പൊലെ കാണുന്ന കൂട്ടുകാർക്കായാലും അവൻ പ്രിയപ്പെട്ടവനും കഠിനാധ്വാനിയും. ചെറുപ്പം മുതലേ ദാരിദ്ര്യത്തിൻ്റെ കയ്‌പ്പും പുളിപ്പും അറിഞ്ഞു വളർന്നത് കൊണ്ടാവാം, അവൻ്റെ വളർച്ചയിൽ അതിന്റെ എല്ലാ കരുതലും ദീർഘദൂര കാഴ്‌ചപ്പാടും അവനിൽ നിറഞ്ഞു നിന്നിരുന്നു. പാടത്തും പറമ്പിലും അച്ഛന്റെയും അമ്മയുടെയും കൂടെ പണിയെടുക്കാൻ അവനു മടിയില്ലായിരുന്നു. അമ്മക്ക് ഒരു ജോലി കിട്ടിയപ്പോഴാണ് അവരുടെ ജീവിതം ഒരർത്ഥത്തിൽ കരുപ്പിടിച്ചത്.പാടത്തെ മണ്ണെണ്ണ വിളിക്കിൻ്റെ വെളിച്ചമുള്ള ശീതമടിച്ചാൽ നനയുന്ന ഓടിട്ട ഒറ്റമുറി വീട്ടിൽ നിന്നും ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്തിയപ്പോൾ അവനു പ്രായം 11 വയസ്സായിരുന്നു.
ചെറുപ്രായത്തിലേ ആക്ടിവിറ്റികളിൽ മിടുക്കനായിരുന്നു. തൊടുന്നതിലും ചെയ്യുന്നതിലും എല്ലാറ്റിലും നല്ല സ്‌പീഡും പെർഫെക്ഷനും ഉണ്ടായിരുന്നു. എന്തും ഏതും പെട്ടെന്ന് എന്ന ഒരു തിടുക്കം. ഒൻപതാം ക്ലാസ്സി ൽ പഠിക്കുമ്പോൾ തുടങ്ങിയതാ അവനുള്ളിൽ സിനിമ എന്ന മോഹം. അതിൻ്റെ തുടക്കമായിരുന്നു അനിൽ എന്ന സഹോദരതുല്യനായ (സഹോദര തുല്യൻ എന്ന് പറയാൻ ആവില്ല. അവന് സഹോദരൻ തന്നെ ആയിരുന്നു.) സുഹൃത്തുമായുള്ള കൂട്ടുകെട്ട്. ആ കൂട്ടുകെട്ടിൽ പിറന്ന തണൽക്കൂട് എന്ന അവരുടെ ഫസ്റ്റ് ഷോർട്ട് ഫിലിം പുറത്തിറക്കി. അന്നവന് പ്രായം വെറും പതിമൂന്നര വയസ്സ് ആണ്. പത്ത് വർഷങ്ങൾക്കിപ്പുറം 23 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ശേഷിക്കെ അവരുടെ കൂട്ടുകെട്ടിൽ പിറന്നത് ഇരുപതോളം ഷോർട്ട് ഫിലിമുകളും ഒരു വെബ്‌സിരീസും ഒരു ആൽബവും രണ്ടു ഡോക്യുമെൻ്ററികളും ആണ്. അതിൽ തന്നെ അവൻ സ്വന്തമായ് ചെയ്‌ത മൂന്ന് ഷോർട്ട് ഫിലിമുകൾക്കും ഒരു ഡോക്യുമെന്ററിക്കും രണ്ടു പേരും കൂടിചെയ്‌ത ഒരു ഷോർട്ട് ഫിലിമിനും ദേശീയ അവാർഡുകളും വാങ്ങി. 2019 ലെ ‘ഇക്കച്ചക്ക’ എന്ന വെബ്‌സീരിസാണ് അവരുടെ സിനിമ എന്ന സ്വപ്‌നത്തിൻ്റെ മാറ്റ് കൂട്ടിയത്. അവർ രൂപം കൊടുത്ത ‘ആംഗിൾ ഫ്രെയിംസ്’ എന്ന യുട്യൂബ് ചാനലിന് പ്രക്ഷകരെ കൂട്ടിയത് അങ്ങനെ ആയിരുന്നു.
ആദ്യമാദ്യം അവരുടെ ഷോർട്ട് ഫിലിമിനുള്ള ചിലവുകൾ കണ്ടെത്തിയത് സ്പോൺസർമാരിലൂടെയായിരുന്നു. അതിന് വഴി ഒരുക്കി കൊടുക്കാറ് ഞാനുമായിരുന്നു എന്നതാ സത്യം. അവന്റെ പാഷൻ അതാണെന്ന് മനസ്സിലാക്കിയ ഞാൻ അവർക്കൊപ്പം നിൽക്കുകയായിരുന്നു. അതിനൊരു കാരണം കൂടി ഉണ്ടായിരുന്നു. എന്നിലുള്ള കലാവാസനകളെ പരിപോഷിക്കാൻ എനിക്ക് ആരു മുണ്ടായില്ല, അതുകൊണ്ട് തന്നേ അതുറങ്ങി പോയി. അതേ അവസ്ഥ അവർക്കും ഉണ്ടാവരുതെന്ന ചിന്തയും, അതിലുപരി ഒരു കാര്യവും പറഞ്ഞ് വാശിയോ നിർബ ന്ധമോ പിടിക്കാത്ത അവൻ്റെ സ്വഭാവവും ആണ്. പക്ഷേ അവന് വേണ്ടതെല്ലാം ഞാൻ ഒരുക്കി കൊടുത്തു. അതു പലപ്പോഴും സർപ്രൈസ് ആയുള്ള പിറന്നാൾ സമ്മാ നങ്ങളായും മറ്റും. അതെല്ലാം കിട്ടുമ്പോൾ അവൻ്റെ മുഖത്ത് വിരിയുന്ന സൂര്യ പ്രഭയുള്ള ഒരു ചിരിയുണ്ട്. അതു കാണുമ്പോൾ ഈ അമ്മ മനസ്സു നിറഞ്ഞു കവിയും. ഇതിനിടയിൽ അവൻ വലിയൊരു സുഹൃത്ത് വലയം തന്നെ ഉണ്ടാക്കിയെടുത്തു, സമപ്രായക്കാരായ ആരും തന്നെ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ഇത്രയൊക്കെ ആണെങ്കിലും വീട് വിട്ട് നിൽക്കാൻ അവൻ താൽപര്യം കാണിച്ചില്ല. പക്ഷേ പലപ്പോഴും ഞാ൯ ചോദിക്കാറുണ്ട്, കലാലയങ്ങളിൽ നിന്നെല്ലാം ടൂർ പോവുമ്പോൾ അവൻ ഒഴിഞ്ഞു നിൽക്കുന്നത് കണ്ട് നീ എന്താ പോവാത്തെ? എന്ന്. അപ്പൊൾ അവൻ പറയുന്ന മറുപടി അതിനു കുറേ പണം വേണം അതുകൊണ്ടാണ് എന്ന്. പണം തരാം പൊക്കോ എന്നുപറഞ്ഞാലും വേണ്ട നമുക്ക് പിന്നെ പോവാം എന്നുപറഞ്ഞൊഴിയും. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് അമ്മയില്ലാതെ ഉള്ള യാത്രകൾ അവനു ഉൾകൊള്ളാൻ ആവുന്നില്ലാ എന്നത്. പലപ്പോഴും അവൻ്റെ കൂട്ടുകാരെ കൊണ്ട് വീട് നിറഞ്ഞിരിക്കും. എല്ലാം ഷോർട്ട്ഫിലിമുകളുടെയും തുടക്കവും അവസാനവും ഇവിടെ തന്നെ. എല്ലാം ചെയ്യുന്നത് വീട്ടിൽ ഇരുന്നുകൊണ്ടായിരുന്നു. അതിനടിയിൽ അമ്മയും മക്കളും എന്ന ലേബൽ ഞങ്ങൾക്കു വീണു. കാരണം എവിടെയായാലും ഞാനും അവർക്കിടയിൽ ഉണ്ടാവും. അവർ എന്നെ ഞങ്ങളുടെ അമ്മ എന്നും ഞാൻ എൻ്റെ മക്കൾ എന്നുമേ പറയാറുള്ളൂ ആരെയും വേർതിരിച്ചു കണ്ടിട്ടില്ല. ഞങ്ങൾ അമ്മയും മകനും എന്ന ബന്ധത്തിലുപരി എന്തും തുറന്നു സംസാരിക്കാൻ പറ്റിയ നല്ല സുഹൃത്തുക്കളും കൂടിയായിരുന്നു. ഡിഗ്രിക്ക് എറണാകുളം ജെയിൻ യൂണിവേഴ്സിറ്റി യിൽ പഠിച്ച കുറച്ചു കാലം മാത്രമാ അവൻ ഞങ്ങളെ പിരിഞ്ഞു നിന്നത്. 2019 ഓഗസ്റ്റ് 16ന് ജോയിൻ ചെയ്‌തു 2020 മാർച്ചിൽ കൊറോണ കാരണം തിരിച്ചു വീട്ടിൽ എത്തി. എന്നാലും ഒരു ദിവസം ലീവു കിട്ടിയാൽ അവൻ ഇങ്ങു പോരും അവിടെ നിൽക്കില്ല. അല്ലാത്ത ദിവസങ്ങൾ രാവിലെയും വൈകുന്നേരവും അവനോ ഞാനോ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും. വീണ്ടും 2021 മെയ് ഒക്കെ ആയപ്പോഴേക്കും കോളേജിലേക്ക് തിരിച്ചു പോയെങ്കിലും ഓഗസ്റ്റിൽ ഇൻ്റേൺഷിപ്പിനായിവീട്ടിൽ തിരിച്ചുവന്നു. കോഴിക്കോട് സൈബർ പാർക്കി ലെ ERE എന്ന സ്ഥാപനത്തിൽ അവർ നാലുപേർ ഇൻ്റേൺഷിപ്പിനു ചെന്നു. അതവൻ ചോദിച്ചു വങ്ങിയതാണെന്നാ അന്നവൻ പറഞ്ഞത്. അവൻറെ സ്വഭാവവും ജോലിയോടുള്ള ആത്മാർഥതയും പെർഫക്ഷനും അവരെ അവനവിടെ ജോലി നൽകാൻ തൽപരരാക്കി. അങ്ങനെ 2021 ഒക്ടോബറിൽ അവിടെ അവരുടെ ഉദ്യോഗസ്ഥനായി നിയമിതനായി. പിന്നീട് എക്‌സാം എഴുതാൻ മാത്രമാണ് 2022 മാർച്ചിൽ കോളജിൽ പോയത്. 2022 നവംബർ ഒന്നിന് സൈബർ പാർക്കിലെ തന്നെ മറ്റൊരു IT കമ്പനി ആയ Midnay എന്ന സ്ഥാപനത്തിലെ UI/UX Designer ആയി ചാർജെടുത്തു. അതവൻ്റെ കരിയറിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. പലപ്പോഴും പലരും അവന്റെ കഴിവു കണ്ട് പുറത്തേക്കും മറ്റും ജോബ് ഓഫറുമായി വന്നു എന്നാൽ അവനതെല്ലാം, അമ്മയെയും വീടും തൻ്റെ പാഷനും വിട്ടു വരാൻ താൽപര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു. ജോലിയെയും പാഷനെയും വീടിനെയും സ്നേഹിച്ച അവൻ ഇവയെ ഒന്നിച്ചു കൊണ്ടു പോവാനുള്ള ഉറച്ച തീരുമാനത്തിൽ ആയിരുന്നു.

എല്ലാ കഷ്ട്‌ടപ്പാടിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കരകയറി വരികയായിരുന്നു. അതിനിടയിൽ അവന്റെ സ്റ്റുഡിയോ എന്ന സ്വപ്‌നവും സിനിമ എന്ന മോഹവും കലശ്ശലായി. അവൻ്റെ സ്വപ്‌നങ്ങളായ സ്റ്റുഡിയോയും സിനിമയും അമ്മ അവനായി ഒരുക്കി കയ്യിൽ വെച്ചു കൊടുത്തു. കയ്യിൽ മുറുക്കിപ്പിടിക്കും മുമ്പേ എല്ലാം തകർന്നടിഞ്ഞു. അവനുവേണ്ടി ക്യാമറ ലൈറ്റുകൾ ലാപടോപ് എന്നുവേണ്ട എല്ലാം അമ്മയായ ഞാൻ കണ്ടറിഞ്ഞ് കൊടുത്തു. അവസാനമായി ഒരു കാറും. അതവന്റെ ജീവനായിരുന്നു. അമ്മയുടെ അസുഖങ്ങൾ ആയിരുന്നു അവനെ അലട്ടിക്കൊണ്ടിരുന്നതും സങ്കടപ്പെടുത്തിയതും. അമ്മക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടി അവനെ വല്ലാതെ അസ്വസ്ഥനാക്കി. അങ്ങനെ ഇരിക്കെ അമ്മയുമൊത്തുള്ള എറണാകുളം ഹോസ്‌പിറ്റലിലേക്കുള്ള യാത്രയിൽ 2024 നവംബർ 12ന് ത്യശ്ശൂർ എടമുട്ടത്ത് വെച്ചുള്ള ആക്‌സിഡൻ്റിൽ അവൻ ഇഹലോകവാസം വെടിഞ്ഞു. പ്രിയപെട്ട അമ്മയുടെ മടിയിൽ ഇഷ്ടപെട്ട കാറിൽ ഇരുന്നു കൊണ്ട് എല്ലാം സ്വപ്‌നങ്ങൾ മാത്രം ആക്കിയുള്ള യാത്ര.അവന്റെ എല്ലാ പ്രത്യേകതയും എല്ലാറ്റിലും ഉണ്ടായി. ജനനം 2002 ഫെബ്രുവരി 12 പൊവ്വാഴ്‌ച ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ. മരണം 2024 നവംബർ 12 ചൊവ്വാ ഴ്‌ച രാവിലെ 8.30നും 9നും ഇടയിൽ. ജനിച്ചത് അമ്മച്ചന്റെ നാളായ അവിട്ടത്തിൽ മരിച്ചത് അച്ഛൻ്റെ നാളായ ഉത്രട്ടാതിയിൽ ജനനം വടക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ, മരിച്ചു വന്നത് തെക്ക് ത്യശ്ശൂർ മെഡിക്കൽ കോളേജിൽ ജനിച്ചത് മലയാളമാസം മകരം 30, മരണം മലയാള മാസം തുലാം 27. രണ്ടും മാസാവസാനം. അ തും ഒന്നു മകര മഞ്ഞിൻ തണുപ്പിലും മറ്റൊന്ന് തുലാം വർഷ തണുപ്പിലും ഇംഗ്ലീഷ് മൂന്നാം മാസം പിറവിയെടുക്കേണ്ട അവൻ രണ്ടാം മാസത്തിലെ പിറവികൊണ്ടു. 23 വയസ്സിനു മൂന്ന് മാസം ശേഷിക്കെ അവൻ മരണമടയുകയും ചെയ്‌തു. ജീവിച്ചിരിക്കുമ്പോൾ ആരെയും നോവിക്കാത്ത ആർക്കും ഒരു പരാതിക്കും ഇടവരുത്താതെ ഒരാൾക്കുപോലും ഒരു ബാധ്യതയും വരുത്താത്ത സ്നേഹസ്വരൂപൻ. മരണത്തിലും ശേഷവും തീരാദുഃഖ മൊഴിച്ചു ആർക്കും ഒരു പ്രയാസവും വരുത്താതെ അവൻ പോയി. അതിനേക്കാളേറെ അവൻ്റെ മരണാനന്തര കർമ്മങ്ങൾ ചെയ്‌തത് അവൻ സഹോദരങ്ങളായി കണ്ട അവന്റെ സുഹൃത്തുക്കളും അമ്മയും ആണ്. അതിന്റെ പേരിൽ സമൂഹവും കുടുംബക്കാരും ഞങ്ങളെ ഒറ്റപ്പെടുത്തി. കാരണം എന്തെന്നോ അവൻ്റെ കർമ്മങ്ങൾ ചെയ്‌ത് പല ജാതിയിലും മതത്തിലും പെട്ടവരായതുകൊണ്ട്. അവൻ ജീവിച്ചിരുന്നപ്പോൾ സന്തോഷം കിട്ടിയതും അവന്റെ കൂടെ ഉണ്ടായിരുന്നതും സുഹൃത്തുക്കളും അമ്മയുമാണ്. അപ്പോൾ അവർക്കല്ലേ അതിനുള്ള അർഹതയും. ആരും കേട്ടുകേൾവിയില്ലാത്ത കര്യമായിരിക്കാം ജാതിഭേദമന്യേ ഒരുവൻ്റെ മരണാ നന്തര കർമ്മങ്ങൾ ചെയ്‌ത കൂട്ടുകാരെക്കുറിച്ചു. അതാണവന്റെ പ്രത്യേകതയും.
പലരും ആലോചിക്കുന്നുണ്ടാവാം ഇവിടെ എവിടെയും അവന്റെ അച്ഛനെക്കുറിച്ച് പറഞ്ഞില്ലല്ലോ എന്ന്. അതു മനപ്പൂർവ്വമല്ല അവൻ്റെ അച്ഛൻ കുടുംബത്തിലെ ഉണ്ടായിരുന്നുള്ളൂ. അതായത് അവനും അച്ഛനും അ മ്മയും അങ്ങനെ. അച്ഛന് ഇവരുടെ കലാവാസനകളിൽ ഉള്ള അറിവ് ഇല്ലാഞ്ഞിട്ടോ താൽപര്യം കുറവായതിനാലോ അവരുടെ ഇടയിലേക്ക് വരാറില്ല അതാണ് സത്യം.അച്ഛൻ അദേഹത്തിൻ്റേതായ ജോലിയും കാര്യങ്ങളുമായി നടക്കും. ചിലകാര്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കാ റുടെങ്കിലും അമ്മ എന്ന ഞാൻ ഇടയിൽ ഉള്ളതിനാൽ ഒന്നും പറയാറില്ല. പൊതുവെ ഞങ്ങളുടെ കാര്യങ്ങളുമായി നടക്കട്ടെ എന്ന് കരുതും. എന്നാൽ നല്ല വാർത്തകൾ മറ്റുള്ളവരിൽ നിന്ന് ഞങ്ങളെപ്പറ്റി കേൾക്കുന്നത് ആൾക്ക് സന്തോഷമാണ്. 2013ൽ അദേഹത്തിനുണ്ടായ മസ്‌തിഷ്‌കജ്വരമാണ് അവരെ ഒന്നുലച്ചത്. അതിൽ നിന്നും റിക്കവറി ചെയ്തേടുക്കാൻ എന്നെ സഹായിച്ചത് എന്റെ ജോലി ആയിരുന്നു
ജീവിച്ചിരുന്ന കാലമത്രയും അവൻ്റെ കൂടെ എന്തിനും നിഴലായി നിന്ന അവനെ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച അമ്മ ഇന്ന് അവൻ്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കാനുള്ള ഓട്ടത്തിലാണ്. അവനെ ലോകം അറിയണം ലഹരിയാൽ നശിക്കപ്പെടുന്ന ഈ സമൂഹത്തിൽ, സിനിമയും ജീവിതവും സുഹ്യദ്‌ബന്ധവും ജോലിയും ലഹരിയായി കൊണ്ടുനടന്ന ശരൺ കൃഷ്‌ണ എന്ന ചെറുപ്പക്കാരനെ. അതിനായ് ആ അമ്മയും കൂട്ടുകാരും അവൻ്റെ പേരിൽ ഷോർട്ട് ഫിലിം ഫെ സ്റ്റിവൽ അവാർഡും ഫോട്ടോഗ്രാഫി അവാർഡ് ഏർ പ്പെടുത്താനും അവൻ്റെ ജീവിതം ഒരു സിനിമയാക്കാനും ഉള്ള തയ്യാറെടുപ്പിലാണ്. അവനുള്ളപ്പോൾ പൂർ ത്തിയാക്കിയ സ്റ്റോറി ഉൾപ്പെടെ നാലോളം ഷോർട്ട് ഫിലിം സ്ക്രിപ്റ്റുകൾ ഞങ്ങൾ പൂർത്തിയാക്കി. രണ്ടെണ്ണ ത്തിൻ്റെ ഷൂട്ട് ആരംഭിക്കുകയും ചെയ്‌തു

ഭൂരിഭാഗം പേരും ചിന്തിക്കുന്നുണ്ടാവാം ഇത് കഥ യാണോ? യാഥാർത്ഥ്യമാണോ? എന്ന്. അതിലുപരി ഇത് എന്തോരമ്മയാണെന്നും. അതേ ‘അമ്മ’ എന്ന രണ്ടക്ഷരത്തിൻറെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി എല്ലാ അർത്ഥത്തിലും അമ്മയായൊരമ്മ. അവർക്കേ നല്ലോരമ്മ ആവാൻ കഴിയൂ. മറ്റു മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹി ക്കാൻ കഴിയൂ. അങ്ങനെ ഒരമ്മയാണ് ഞാൻ. അതു കൊണ്ട് തന്നെയാ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും അധ്യാപകർക്കും പ്രിയപ്പെട്ടവനും മറക്കാൻ പറ്റാത്തവനുമാക്കിയ ശരൺകൃഷ്‌ണ എന്ന സ്നേഹനിധിയായ മകൻ്റെ അമ്മയായതും, അവനിന്നും ജ്വലിക്കുന്ന സൂര്യനായ് അറിയപ്പെടുന്നതും. അമ്മയുടെ പേര് സോണിയ ശരൺകൃഷ്‌ണ എന്നാക്കിയതും നിൻ്റെ പേര് ഇവിടെയും തെളിഞ്ഞു നിലകൊള്ളാനാണ്. അതുപോലെ ‘മകനേ നിനക്കായ്… എന്ന അമ്മയുടെ കവിതാ സമാഹാരവും നിനക്കുള്ള സമർപ്പണമാണ്. ആംഗിൾ ഫ്രെ യിംസ് & പോ ക്രീയേറ്റിവ്‌സ് (പ്രൊഡക്ഷൻ ഹൗസ്, സ്റ്റു ഡിയോ, യൂട്യൂബ് ചാനൽ) എന്ന് കേൾക്കുമ്പോൾ അതിൻറെ സി. ഇ. ഒ. ആയ ശരൺകൃഷ്‌ണയെ എങ്ങിനെ മറക്കും. ഒരു മകൻ്റെ ജീവിക്കുന്ന ഓർമ്മകളും സ്വപ്ന ങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ ഒരമ്മ ക്കല്ലാതെ വേറേ ആർക്കാണ് കഴിയുക
This article is published in sept 2025 edition of The News Time magazine

