കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രിമാരായ ജെ. ചിഞ്ചുറാണി (കേരളം), മനോ തങ്കരാജ് (തമിഴ്നാട്), കിഞ്ചാരപ്പു അട്ജന് നായിഡു ( ആന്ധ്രപ്രദേശ്) ജയകുമാര്‍ (പോണ്ടിച്ചേരി) എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പാല് വില ക്ഷീര കര്‍ഷകര്‍ക്ക് നല്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പാലുത്പാദനത്തില്‍ കേരളം ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. 14 ശതമാനമാണ് ഉത്പാദന വര്‍ദ്ധന, പാലുത്പാദന ക്ഷമതയില്‍ പഞ്ചാബ് കഴിഞ്ഞാല്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളമാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ക്ഷീര മേഖലയുടെ പങ്ക് വലുതാണെന്ന് മന്ത്രി മനോ തങ്കരാജ് പറഞ്ഞു. മേച്ചില്‍ സ്ഥലങ്ങളുടെ ലഭ്യതക്കുറവും ഉത്പാദന ക്ഷമതാക്കുറവും കാരണം കന്നുകാലി വളര്‍ത്തല്‍ ലാഭകരമല്ലാത്ത അവസ്ഥയാണ്. ഉത്പാദന ശേഷിയുള്ള സങ്കരയിനം പശുക്കളിലേക്കു മാറുക എന്നതാണ് ഇതിനുപരിഹാരമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സുരക്ഷിതത്വവും ഇന്‍ഷ്വറന്‍സ് സംവിധാനവും കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഇത്തരമൊരു മാറ്റത്തിന് വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഡെയറി അസോസിയേഷന് ചെയര്മാന് സുധീര്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഡെയറി ഫ്രൊഫഷണലുകള്ക്കുള്ള അവാര്‍ഡുകള്‍ നാര ഭുവനേശ്വരി (വൈസ് ചെയര്‍പേഴ്സണ്‍ – ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡ്), കെ.എസ്.മണി ( ചെയര്മാന് – മില്‍മ), ചാലിമേട രാജേശ്വര റാവു ( ചെയര്മാന് -കരീം നഗര്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡ്), ആര്. മോഹനസുന്ദരം (മാനേജിംഗ് ഡയറക്ടര്‍ – അമൃത ഡെയറി), ജി.ആര്.ബാലസുബ്രഹ്മണ്യന് ( മാനേജിംഗ് ഡയറക്ടര്‍ – ജി.ആര്.ബി ഫുഡ് ലിമിറ്റഡ്), ഡോ.പി.ഐ. ഗീവര്‍ഗീസ് (മുന്‍ ഡീന്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി) എന്നിവര്‍ക്കും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മികച്ച വനിതാ ക്ഷീര കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ അങ്കതി രാധ (തെലുങ്കാന), ശിവാനി രാജശേഖര്‍ (കര്‍ണാടക), പദ്മിനി .എസ് (തമിഴ്നാട്), നാഗജ്യോതി ചന്ദ്രശേഖര്‍ (ആന്ധ്രപ്രദേശ്), ബിന്ദു വി.പി. (കേരളം) എന്നിവര്‍ക്കും ചടങ്ങില്‍ മന്ത്രിമാര്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഡെയറി അസോസിയേഷന് സൗത്ത് സോണ്‍ ചെയര്മാന് സതീഷ് കുല്‍ക്കര്‍ണി സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിനെക്കുറിച്ച് സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനും മില്‍മ ചെയര്‍മാനുമായ കെ.എസ്.മണി സ്വാഗതവും ഇന്ത്യന്‍ ഡെയറി അസോസിയേഷന് കേരള ചാപ്റ്റര്‍ ചെയര്‍മാനും ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ എസ്.എന്‍.രാജ് കുമാര്‍ നന്ദിയും പറഞ്ഞു.
