സെക്രട്ടറിയേറ്റിൽ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കർശന നിയന്ത്രണം

സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ. വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകൾ വ്‌ളോഗ് ചിത്രീകരിച്ചുവെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ സർക്കുലർ. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സനിമ – സീരിയൽ ചിത്രീകരണമടക്കം നിരോധിക്കുകയും ചെയ്തു. എന്നാൽ ഒരു യാത്രയയപ്പ് ചടങ്ങിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ മകൾ ഒരു വ്‌ളോഗ് ചിത്രീകരിച്ചു. യാത്രയയപ്പ് ലഭിച്ച ജീവനക്കാരിയുടെ മകളായിരുന്നു വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ ഉത്തരവ്.