പുതുവർഷത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.

കോഴിക്കോട്: വയനാട് സ്വദേശി വിപിൻ്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുൽ ഹമീദിന് മിടിപ്പ് പകരും. കേരളത്തിലെ ഈ വർഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് വിജയകരമായി പൂർത്തീകരിച്ചത്. 32 വയസ്സ് മാത്രം പ്രായമുള്ള ഷാഹുൽ ഹമീദിന് 2020ൽ വിദേശത്ത് നിന്നാണ് ഹൃദയ സംബന്ധമായ രോഗലക്ഷണങ്ങൾ പിടിപെട്ടത്. വളരെ പെട്ടെന്നാണ് രോഗം മൂർച്ഛിച്ച് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയിലേക്ക് എത്തപ്പെട്ടത്. മാസത്തിൽ രണ്ടോ മൂന്നോ തവണ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയിൽ ഇനി അവയവമാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലന്ന് തിരിച്ചറിഞ്ഞ കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാർ സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ സമയത്താണ് വയനാട് സ്വദേശിയായ വിപിന് മസ്തിഷ്ക മരണം സംഭവിക്കുന്നത്. ജീവിതത്തിൽ എല്ലാവരെയും ചേർത്തുപിടിച്ച വിപിൻ അദ്ദേഹത്തിൻ്റെ മരണത്തിലും അവയവദാനത്തിലൂടെ ഷാഹുൽ ഹമീദിൻ്റെ ജീവിതത്തിന് തുടിപ്പ് നൽകുകയായിരുന്നു. ജനുവരി നാലിനാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ജാതിയുടെയും മതത്തിൻ്റെയും പേരിൽ കലഹിക്കുന്ന മനുഷ്യരിൽ നിന്ന് വിഭിന്നമായി സ്നേഹത്തിൻ്റെ കൈമാറ്റത്തിലൂടെ തനിക്ക് ലഭിച്ച പുതുജീവന് കാരണക്കാരായ വിപിൻ്റെ കുടുംബത്തെ ചേർത്ത് പിടിച്ച് തന്നെ ചികിത്സിച്ച കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാരോടും മറ്റു സ്റ്റാഫ് അംഗങ്ങളോടും നന്ദി പറഞ്ഞുകൊണ്ട് ഷാഹുൽ ഹമീദ് പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. ആസ്റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഇത്തരം ഒരു സർജറിയിലൂടെ ഷാഹുൽ ഹമീദിന് പുതുജീവിതം നൽകാൻ കഴിഞ്ഞതിന് അത്യന്തം സന്തോഷമുണ്ടെന്നും അതിനു തയ്യാറായ വിപിപിൻ്റെ കുടുംബത്തോട് പ്രത്യേകം നന്ദി അറിയിക്കുകയും, മരണാന്തര അവയമാറ്റത്തിന് കൂടുതൽ പേർക്ക് പ്രചോദനം നൽകാൻ കുടുംബത്തിൻ്റ ഈ തീരുമാനം സഹായകരമായിട്ടുണ്ടെന്നും മിംസ് സിഒഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. ബിജോയ് ജേക്കബ് നേതൃത്വം നൽകി. കാർഡിയോ തൊറാസിക് സർജന്മാരായ ഡോ. ഗിരീഷ് വാര്യർ, ഡോ.ശബരിനാഥ് മേനോൻ, ഡോ. ദിൻ രാജ്, കാർഡിയാക് അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ.ശരത്, ഡോ.സുജാത തുടങ്ങിയവരും കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ.സൽമാൻ സലാഹുദ്ദീൻ,ഡോ.സുദീപ് കോശി, ഡോ.സന്ദീപ്, ഡോ.ജയേഷ് ഭാസ്കർ, ഡോ.ബിജോയ് കെ, പെർഫ്യൂഷനിസ്റ്റ് ഗിരീഷ്, നഴ്‌സിംഗ് സ്റ്റാഫ്, ടെക്‌നിഷ്യൻസ് ഉൾപ്പെടെയുള്ള ടീം ചേർന്ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.