
ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയും എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും വര്‍ധിക്കുക.സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടാകില്ല. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.
സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കി.മീറ്ററിന് മുകളില്‍വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.
ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌കാരം. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.