വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരം നാളെ, ആലപ്പുഴയില്‍ ഗതാഗത നിയന്ത്രണം.

ആലപ്പുഴ : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവും മായ വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ നാളെ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദീര്‍ഘദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്. ചേര്‍ത്തല ഭാഗത്ത് നിന്ന് വരുന്ന ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ദീര്‍ഘദൂര സര്‍വ്വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര തുടങ്ങി. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാന്‍ സെക്രട്ടേറിയേറ്റ് പരിസരത്ത് ജനസാഗരം തടിച്ചുകൂടിയത്. നിരവധിപ്പേരാണ് റോഡിന്റെ ഇരുവശങ്ങളിലും വിഎസ്സിനെ കാണാന്‍ കാത്തുനില്‍ക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.