ഒക്ടോബർ മുതൽ ഡിസംബർ വരെ വിഷപ്പാമ്പുകൾ ഇണചേരുന്ന സമയം; മൂർഖനും അണലിയും വരെ പുറത്തിറങ്ങും,

കാസർകോട് | പാമ്പ് കടിച്ച് നിരവധി മരണങ്ങളും അപകടങ്ങളും നമുക്ക് ചുറ്റും ഉണ്ടാകാറുണ്ട്. ചെറിയ ചില അശ്രദ്ധ കൊണ്ടും വേണ്ടത്ര കരുതലില്ലായ്‌മ കൊണ്ടുമാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. പാമ്പുകളെ വളരെ ശ്രദ്ധിക്കേണ്ട സമയമാണ് ഈ മൂന്ന് മാസം. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് വിഷപ്പാമ്പുകളുടെ ഇണചേരൽ സമയം.

പാമ്പുകളിൽ അപകടകാരികളായ മൂർഖനെയും അണലിയെയും ഈ മൂന്നു മാസക്കാലം കൂടുതൽ കരുതിയിരിക്കണം. പെൺപാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്‌ടരായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും. മൂർഖനും അണലിയും മാത്രമല്ല, ശംഖുവരയൻ, ചുരുട്ട മണ്ഡലി (അണലി വർഗത്തിൽപ്പെട്ട വിഷപ്പാമ്പ്) തുടങ്ങിയ വിഷപാമ്പുകളുടെയെല്ലാം ഇണചേരൽ കാലമാണിത്.പാമ്പുകളും മറ്റ് ഉഗ്രവിഷമുള്ള അണലികളും സാധാരണ രാത്രിസഞ്ചാരികൾ ആണെങ്കിലും ഈ സമയത്ത് പകലും പുറത്തിറങ്ങാൻ സാധ്യതയുണ്ട്. വിഷപ്പാമ്പുകളുടെ ഇണചേരൽ സമയമായതിനാൽ വരും മാസങ്ങളിൽ പാമ്പുകളേറെ കാണപ്പെടും.

“തുലാമഴ കൂടി പെയ്യുന്ന സാഹചര്യത്തിൽ മാളങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇണ ചേരുന്ന രണ്ടു പാമ്പുകൾ ഒന്നിച്ച് വീടിനു അകത്തേക്ക് ഒരേ സമയം കയറാനും സാധ്യതയുണ്ട്. ചിലപ്പോൾ ആൺ പാമ്പുകൾ പോരാട്ടം നടത്തിയാകും പെൺ പാമ്പിൻ്റെ അടുത്ത് എത്തിയിട്ടുണ്ടാകുക. അങ്ങനെ അവയ്‌ക്ക് പരുക്ക് പറ്റാനും സാധ്യത ഉണ്ട്. ഈ സമയം അക്രമ സ്വഭാവം പാമ്പുകൾക്ക് കൂടാം” എന്നും സന്തോഷ്‌ പറഞ്ഞു.

ഷൂസിനുള്ളിൽ മൂർഖൻ

കഴിഞ്ഞ ദിവസം കാസർകോട് കാറഡുക്കയിൽ വീട്ടിൽ ഷൂസിന് അകത്തു മൂർഖൻ പാമ്പിനെ കണ്ടെത്തി. തലനാരിഴയ്‌ക്കാണ് വീട്ടുകാരൻ രക്ഷപ്പെട്ടത്. മൂർഖന് ഷൂസ് പോലുള്ളവയിൽ കയറാൻ കഴിയില്ലെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നു. എന്നാൽ മൂർഖനു കുറച്ചു സ്ഥലം മാത്രമേ ആവശ്യമുള്ളൂവെന്ന് സർപ്പ റെസ്‌ക്യു അംഗം സുനിൽ പറഞ്ഞു.

വീടുകളിലും പറമ്പുകളിലും മാത്രമല്ല, ഷൂസിലും പാമ്പുകൾ ഒളിഞ്ഞിരിപ്പുണ്ടാകും. ഉള്ളിലേയ്‌ക്ക് കൂടുതൽ കയറിയിരിക്കുമ്പോൾ ചില സന്ദർഭങ്ങളിൽ അവ ശ്രദ്ധയിൽപ്പെടണമെന്നില്ല. അതിനാൽ ഷൂസുകളും ചെരുപ്പുകളും കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രം ധരിക്കുക.

പാമ്പിൻ്റെ തല പ്രകാശം ഉള്ള ഭാഗത്തേക്കാണ് ഉണ്ടാകുക എന്നും സുനിൽ വ്യക്തമാക്കി. “ഷൂസിനുള്ളിൽ ആണെങ്കിൽ പാമ്പിൻ്റെ തല പുറത്തേക്കായിരിക്കും ഉണ്ടാകുക. അപ്പോ കാല് എടുത്ത് വയ്ക്കുമ്പോൾ തന്നെ കടിയേൽക്കാൻ സാധ്യതയുണ്ട്. മഴയുള്ളപ്പോൾ ചൂട് തേടി പാമ്പുകൾ വീടിനു അകത്തേക്ക് കയറാൻ കൂടുതൽ സാധ്യത ഉണ്ട്” എന്നും സുനിൽ പറഞ്ഞു.

വിദഗ്‌ധർ പറയുന്ന ഇക്കാര്യങ്ങള്‍

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • ഉപയോഗശൂന്യമായ വസ്‌തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്
  • ചെരുപ്പ്, ഷൂസ്, ഹെൽമറ്റ് എന്നിവ പരിശോധിച്ച ശേഷം മാത്രം ധരിക്കുക.
  • വിറകുകൾ വീടിൻ്റെ പരിസരത്ത് കൂട്ടിയിടരുത്.
  • സന്ധ്യാസമയത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.
  • വാതിലുകൾ അടച്ചിടുക.
  • പുലർച്ചെ റബർ ടാപ്പിങ്ങിനിറങ്ങുന്നവർ ബൂട്ട് ധരിച്ച് പുറത്തിറങ്ങാൻ ശ്രദ്ധിക്കണം.
  • കാൽനടയായി സഞ്ചരിക്കുന്നവർ നിലത്ത് ശബ്‌ദമുണ്ടാക്കി നടക്കുക.
  • പാമ്പിനെ കണ്ടാൽ സർപ്പ അംഗങ്ങളെ ബന്ധപ്പെടുക.

നാലിനത്തിന് ഭയപ്പെടേണ്ടത്ര വിഷം

നമ്മുടെ നാട്ടിൽ, ചുറ്റിലും നിരവധി പാമ്പുകൾ ഉണ്ട്. എന്നാൽ അവയെ എല്ലാം പേടിക്കേണ്ടതില്ല. നാലിനത്തിന് മാത്രമെ ഭയപ്പെടേണ്ടത്ര വിഷമുള്ളു. മൂർഖൻ, രാജവെമ്പാല, വെള്ളികെട്ടൻ/ ശംഖുവരയൻ, അണലി എന്നീ ഇനങ്ങളാണ് നമ്മുടെ നാട്ടിലെ വിഷപ്പാമ്പുകൾ. ഇതിൽ തന്നെ രാജവെമ്പാല വന ആവാസ മേഖലകളിലാണ് സാധാരണ കണ്ടുവരുന്നത്. ഈ വിഷപാമ്പുകളെ കൃത്യമായി തിരിച്ചറിയാനായാൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.

ഉടൻ ചികിത്സ തേടുക

പാമ്പുകടിയേറ്റെന്ന് ഉറപ്പായാൽ ഏതിനം പാമ്പ് എന്ന് മനസിലാക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിനായി കൂടുതൽ സമയം പാഴാക്കി കടിയേറ്റയാൾക്ക് ചികിത്സ വൈകാൻ പാടില്ല. ഉടൻ തന്നെ മികച്ച ചികിത്സ ഉറപ്പാക്കുക. ഇല്ലെങ്കിൽ കടിയേറ്റയാളുടെ ജീവൻ അപകടത്തിലാകും.