ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടൽ ദുരന്തം; ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട് :ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു.മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷ, ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയിലാണ് ആളുകളെ തിരിച്ചറിഞ്ഞത് നിലമ്പൂർ പോത്തുകല്ല് ഭാഗങ്ങളിൽ നിന്നായിരുന്നു ഇവരുടെ ശരീരഭാഗങ്ങൾ ലഭിച്ചത്.

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40 ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു ദിവസവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാൻ അധികൃതർ തയ്യാറായില്ല. ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തിയിരുന്നു