വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി ജി മോഹൻദാസിന് ജാമ്യം

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിലാണ് വഞ്ചിയൂർ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിനായി ടി ജി മോഹൻദാസ് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടത്. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു.

രണ്ട് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

ഞായറാഴ്ച മട്ടാഞ്ചേരിയിലെ വസതിയിൽ നിന്നാണ് ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ വിവാദ പരാമർശം നടത്തിയ വീഡിയോ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള നാല് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പരാമർശമെന്നാണ് പരാതി. ഇതിനെ തുടർന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആദ്യം പരാതി നൽകി. പിന്നീട് നിരവധി പേർ പരാതികളുമായി രംഗത്തെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ 192, 353(1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹൻദാസ് പരാമർശം നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നതായാണ് റിപ്പോർട്ട്.