കൊളംബിയയിലും ഇക്വഡോറിലും വൻ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

ബൊഗോട്ട: കൊളംബിയയിൽ ശക്തമായ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തു. അയൽരാജ്യങ്ങളായ ഇക്വഡോർ, പനാമ, വെനസ്വേല എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. വിവിധയിടങ്ങളിലായി മരണസംഖ്യ 20 ആയതായി റിപ്പോർട്ടുകളുണ്ട്.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്. ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സാൻ ഹോസെ ഡെൽ പാൽമർ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ. കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂചലനത്തെ തുടർന്ന് ബൊഗോട്ടയിലും ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലും ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ആളുകൾ ഭയന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വ്യാപകമായ പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. കാലി, അർമേനിയ, പെരെയ്റ, മെഡലിൻ തുടങ്ങിയ നഗരങ്ങളിൽ കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ കാലിയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഭൂചലനത്തെ തുടർന്നുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കൊളംബിയൻ അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും കൃത്യമായ കണക്കുകൾ അധികൃതർ പുറത്തുവിടാനിരിക്കുന്നതേയുള്ളൂ.