അജിത് ഡോവലിന്റെ അടുപ്പക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ പിടിയിൽ

പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ‘അണ്ടർകവർ ഏജന്റ്’ ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് യുവാവ് അറസ്റ്റിൽ. ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി അവകാശപ്പെട്ടിരുന്ന മനീഷ് കുമാർ ഗുപ്ത എന്ന ‘ചിക്കു’വിനെയാണ് ബിഹാറിലെ ഖഗാരിയ ജില്ലയിലെ ഗോഗ്രി പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ ഇയാളുമായി ബന്ധപ്പെട്ടതായി പറയുന്ന 100 കോടിയിലധികം രൂപയുടെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ജമാൽപൂർ ബസാറിലെ സ്ഥാപനങ്ങളിലും വസതിയിലും ജില്ലാ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും ഗോഗ്രി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡ് ഏഴര മണിക്കൂറോളം നീണ്ടു.

സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്

ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി അടുത്ത ബന്ധമുണ്ടെന്നും അവകാശപ്പെട്ട് മനീഷ് കുമാർ ഗുപ്ത ബിഹാറിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. വിശ്വാസ്യത വർധിപ്പിക്കുന്നതിനായി സ്വകാര്യ ആഡംബര വാഹനങ്ങളിൽ ‘IAS’, ‘Government of India’ തുടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

വസതിയിൽ നടത്തിയ പരിശോധനയിൽ രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു. ഇരു വാഹനങ്ങളിലും ‘Government of India’ എന്ന ബോർഡ് സ്ഥാപിച്ചിരുന്നു.

വിദേശമദ്യവും വന്യജീവി അവശിഷ്ടങ്ങളും പിടിയിൽ

റെയ്ഡിൽ ഏകദേശം 31 ലിറ്റർ വിദേശമദ്യവും കണ്ടെത്തി. ഇതിൽ ഒരു കുപ്പിക്ക് ഒരു ലക്ഷം രൂപയിലധികം വിലയുണ്ടെന്നാണ് റെയ്ഡ് സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ നിയമപ്രകാരം പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മാൻ, ബാരസിംഗ എന്നിവയുടെ കൊമ്പുകളും പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൂടാതെ അഞ്ച് ആപ്പിൾ മൊബൈൽ ഫോണുകൾ, 20 ക്രെഡിറ്റ് കാർഡുകൾ, എട്ട് ഡെബിറ്റ് കാർഡുകൾ, നാല് ചെക്ക് ബുക്കുകൾ, വിവിധ രേഖകൾ എന്നിവയും പിടിച്ചെടുത്തു.

സ്വത്തിന്റെ ഉറവിടവും രേഖകളും പരിശോധിക്കുന്നു

മനീഷ് കുമാർ ഗുപ്ത ഏറെക്കാലമായി അജിത് ഡോവലിന്റെ ‘കവർ ഏജന്റ്’ എന്ന നിലയിൽ സ്വയം പരിചയപ്പെടുത്തുകയും ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നതായാണ് ഖഗാരിയ പൊലീസ് സൂപ്രണ്ട് ഭാനു പ്രതാപ് സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗുപ്തയുടെ മുൻകാല വിവരങ്ങളും പശ്ചാത്തലവും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പേരിലുള്ളതായി പറയപ്പെടുന്ന വൻ സ്വത്തുക്കളുടെ ഉറവിടം, വാഹനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, മറ്റ് രേഖകൾ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിലും വാഹനങ്ങളിൽ ഉപയോഗിച്ച സർക്കാർ ഔദ്യോഗിക ചിഹ്നങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വ്യാജരേഖകളോ അനധികൃത ഉപയോഗമോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.