അഭിമന്യു വധക്കേസ്: മാധ്യമപ്രവർത്തകരുള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടെന്ന് പ്രതികൾ; നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. കോടതിയിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. അഭിഭാഷകർ മുഖേന വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

കോടതിയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി നൽകുമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികളുടെ ആവശ്യം പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ശക്തമായി എതിർത്തു. പ്രതികളുടെ ആവശ്യം നിലനിൽക്കുന്നതല്ലെന്നും വിചാരണ നടപടികളിൽ പ്രതികളുടെ നേരിട്ടുള്ള സാന്നിധ്യം ആവശ്യപ്പെട്ടും പ്രോസിക്യൂഷൻ വാദിച്ചു.

“വിചാരണ സമയത്ത് എന്ത് ചെയ്യും?” എന്നായിരുന്നു പ്രതികളോട് കോടതി ചോദിച്ചത്. തുടർന്ന് പ്രതികൾ നേരിട്ട് തന്നെ കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അഭിഭാഷകർ മുഖേന മാത്രം നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.

വ്യാഴാഴ്ച പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.