മുംബൈ:ക്രൈസ്തവ സഭകളെ വരുതിയിലാക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ . ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ മിഷ്ണറി സ്ഥാപനങ്ങളുടെയും കൈവശമുള്ളതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയെക്കുറിച്ച്

സംസ്ഥാനവ്യാപകമായ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍, ക്രിസ്ത്യൻ മിഷ്ണറി സംഘടനകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമികൾ പരിശോധിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ മിഷ്ണറിമാര്‍ കൈവശംവെച്ചിരിക്കുന്ന എല്ലാ ഭൂമിയും പരിശോധിക്കും. മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കുമെന്നു റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുലെ നിയമസഭയില്‍ പറഞ്ഞു.
നിയമവിരുദ്ധ കൈയേറ്റങ്ങള്‍, തര്‍ക്കത്തിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, ഉടമസ്ഥാവകാശത്തിലെ ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ക്രൈസ്തവ സഭകളെ മാത്രം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഭൂമിയിടപാടുകളിലെ അന്വേഷണം ബിജെപി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നിലപാട് തുറന്നുക്കാണിക്കുന്നതാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഭൂമി ഇതിനകം തദ്ദേശീയ കോളനികളായി വികസിപ്പിക്കുകയോ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി അനുവദിക്കുകയോ ചെയ്ത കേസുകളിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സർക്കാർ നിയമവകുപ്പിന്റെ അഭിപ്രായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മഹാരാഷ്ട്രയിലുടനീളമുള്ള മിഷനറി, സഭാസ്ഥാപനങ്ങളില്‍ അന്വേഷണമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കൊളോണിയൽ കാലഘട്ടം മുതല്‍ അനുവദിച്ച ഭൂമിയിൽ സ്കൂളുകൾ, ആശുപത്രികൾ, ജീവകാരുണ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അനേകം സേവനങ്ങളുമായി ക്രൈസ്തവ സഭകള്‍ സജീവമാണ്. ഇവയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ തീവ്ര ഹിന്ദുത്വ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് പുതിയ നടപടിയെ പൊതുവേ വിലയിരുത്തുന്നത്.
പ്രാർഥനാ യോഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ തടയണമെന്നാവശ്യപ്പെട്ടു ‘മുംബൈ ഫോർ പീസ്’ എന്ന കൂട്ടായ്മയുടെ കീഴിലുള്ള 25 ക്രിസ്ത്യൻ സംഘടനകൾ നിവേദനം നൽകി ഒരാഴ്ചയ്ക്കകമാണ് ഓഡിറ്റ് നടത്താനുള്ള തീരുമാനമുണ്ടായത്. നിയമപരമായ രേഖകളുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച മന്ത്രി ചട്ട ലംഘനം കണ്ടെത്തിയാൽ ഭൂമി സർക്കാർ തിരിച്ചുപിടിക്കുമെന്നും അറിയിച്ചു.ബിജെപി എംഎൽഎ ദേവ്യാനി ഫരാന്ദേ നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായാണ് റവന്യൂ മന്ത്രി ചന്ദ്രശേഖർ ഹാലൻകുളെ ഉന്നതതല അന്വേഷണം പ്രഖൃാപിച്ചത്.
