കോഴിക്കോട്: കൈകാലുകളിലെ അമിതമായ നീരുവീക്കം (ലിംഫെഡിമ) ബാധിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിൽ ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കാൻസർ ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയകൾക്ക് ശേഷമോ റേഡിയേഷൻ മൂലമോ മറ്റു അണുബാധകൾ കൊണ്ടോ ശരീരത്തിലെ ലിംഫ് നാളികൾക്ക് ഉണ്ടാകുന്ന തകരാറുകൾ കാരണം കൈകാലുകളിൽ വലിയ രീതിയിൽ നീരുവീക്കം രൂപപ്പെടുന്ന അവസ്ഥയാണ് ലിംഫെഡിമ. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ അവസ്ഥയ്ക്ക് നൂതന ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ ക്ലിനിക്കിന്റെ ലക്ഷ്യം. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ ക്ലിനിക്കിൽ അത്യാധുനിക മൈക്രോ സർജറികൾ ഉൾപ്പെടെയുള്ള വിപുലമായ ചികിത്സാ സംവിധാനങ്ങളാണുള്ളത്. ഇതിന്റെ ഭാഗമായി ലിംഫ് നാളികൾ കൃത്യമായി കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഐ.സി.ജി ഫ്ലൂറസെന്റ് ഡൈ സാങ്കേതികവിദ്യയും, കാൾ സെയ്സ് ടിവാറ്റോ 700 മൈക്രോ സ്കോപ്പും മലബാർ മേഘലയിൽ ആദ്യമായി ആശുപത്രിയിൽ ആരംഭിച്ച ക്ലിനിക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മേഘലയിൽ മറ്റെങ്ങും നിലവിലില്ലാത്ത ഇത്തരം അത്യാധുനിക സംവിധാനങ്ങൾ രോഗികൾക്ക് കൂടുതൽ സുരക്ഷിതവും കൃത്യതയാർന്നതുമായ ചികിത്സയും ഉറപ്പുനൽകുന്നു. നീരുവീക്കം കുറച്ച് രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും മികച്ച ജീവിതനിലവാരം ഉറപ്പാക്കാനും ഈ വിദഗ്ധ ചികിത്സയിലൂടെ സാധിക്കും.
രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ളതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിന്റെ എക്കാലത്തെയും ലക്ഷ്യമെന്നും, വർഷങ്ങളായി ലിംഫെഡിമ മൂലം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി രോഗികൾക്ക് പുതിയ ക്ലിനിക്ക് വലിയൊരു ആശ്വാസമാകുമെന്നും ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എം.ഡി വരുൺ ഖന്ന പറഞ്ഞു. ആധുനിക പ്ലാസ്റ്റിക് സർജറിയുടെ ഏറ്റവും മികച്ച സാധ്യതകൾ സാധാരണക്കാരിൽ എത്തിക്കുന്ന ഈ പുതിയ ചുവടുവെപ്പ് ആസ്റ്ററിന് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗബാധിതരുടെ ദൈനംദിന ജീവിതത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ് ലിംഫെഡിമ. ശസ്ത്രക്രിയകളിലൂടെയും കൃത്യമായ തുടർചികിത്സയിലൂടെയും ഈ അമിതമായ നീരുവീക്കം ഫലപ്രദമായി കുറയ്ക്കാനും നിയന്ത്രിക്കാനും ഇന്ന് സാധിക്കും. രോഗികളെ സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സഹായിക്കുന്ന സമഗ്രമായ പരിചരണമാണ് ഈ പ്രത്യേക ക്ലിനിക്കിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത് എന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സെബിൻ വി. തോമസ് പറഞ്ഞു.
ചടങ്ങിൽ ആസ്റ്റർ മിംസ് ഡയറക്ടർ ഡോ. പി.എം. ഹംസ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ സി.ഇ.ഒ എസ്. രമേഷ് കുമാർ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ.സൂരജ് കെ.എം, സി.ഒ.ഒ ഡോ.ഗോപിനാഥ് മാമ്പള്ളിക്കളം, സിഎംസ്സും പീഡിയാട്രിക് സർജറി വിഭാഗം മേധാവിയും ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ് തലവനുമായ ഡോ. എബ്രഹാം മാമ്മൻ, ഡെപ്യൂട്ടി സി.എം.എസും സീനിയർ കൺസൾട്ടന്റുമായ ഡോ. നൗഫൽ ബഷീർ എം.സി.സി, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. സെബിൻ വി തോമസ്, സീനിയർ കൺസൾട്ടന്റ് ഡോ. സാജു നാരായണൻ, കൺസൾട്ടൻ്റുമാരായ ഡോ. നിഷാദ് കേരകഡ,ഡോ. കാർത്തിക് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
