ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ ഉൽപാദനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിആർഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് കൈമാറാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകി. യോഗ്യതയും ആവശ്യമായ സർട്ടിഫിക്കേഷനും മാനദണ്ഡങ്ങളും പാലിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് സാങ്കേതികവിദ്യ കൈമാറി രാജ്യത്തിനകത്ത് ഉൽപാദനം നടത്താനാണ് തീരുമാനം.

മിസൈൽ സംവിധാനങ്ങളെ ഗവേഷണ-വികസന ഘട്ടത്തിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലേക്ക് വേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ആഭ്യന്തര പ്രതിരോധ ഉൽപാദനം വർധിപ്പിക്കാനും വിദേശ ആയുധ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
സ്വകാര്യ കമ്പനികൾക്കും എംഎസ്എംഇകൾക്കും പ്രതിരോധ വിതരണ ശൃംഖലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ രാജ്യത്തെ പ്രതിരോധ വ്യവസായത്തിന്റെ അടിത്തറ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ഈ നീക്കം, സ്വദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈൽ നിർമാണം വേഗത്തിലാക്കുന്നതിനൊപ്പം പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തവും വർധിപ്പിക്കും.
ഇന്ത്യയുടെ പ്രതിരോധ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് തീരുമാനത്തെ വിലയിരുത്തുന്നത്.
