കൊച്ചി മെട്രോയുടെ പേര് മാറ്റം: ശുപാർശ നൽകിയത് കേന്ദ്രത്തിൻ്റെ മാർഗനിർദേശ പ്രകാരമെന്ന് KMRL

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് മാറ്റണമെന്ന ശുപാർശ, കേന്ദ്രതലത്തിലെ വിപുലമായ നഗര ഗതാഗത മാതൃകകളും മാർഗനിർദേശങ്ങളും പരിഗണിച്ചാണ് നൽകിയതെന്ന് KMRL വ്യക്തമാക്കി. കൊച്ചി നഗരത്തിൽ മാത്രം ഒതുങ്ങാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മെട്രോയും മറ്റ് നഗര ഗതാഗത പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സ്ഥാപനമായി മാറുന്നതിനാലാണ് പേരുമാറ്റ നിർദേശം മുന്നോട്ടുവച്ചത്.

KMRL മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാരിന് ഇതുസംബന്ധിച്ച ശുപാർശ സമർപ്പിച്ചിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലെ മെട്രോ പദ്ധതികളുടെയും മറ്റ് സംയോജിത നഗര ഗതാഗത പദ്ധതികളുടെയും ചുമതല KMRL ഏറ്റെടുക്കുന്ന സാഹചര്യത്തിൽ നിലവിലെ ‘കൊച്ചി മെട്രോ’ എന്ന നഗരകേന്ദ്രീകൃത പേര് സ്ഥാപനത്തിന്റെ വിപുലമായ പ്രവർത്തന മേഖലയെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് വിശദീകരണം.

മറ്റ് സംസ്ഥാനങ്ങളിൽ നാഗ്പുർ മെട്രോയെ മഹാരാഷ്ട്ര മെട്രോ, ലഖ്നൗ മെട്രോയെ ഉത്തർപ്രദേശ് മെട്രോ, അഹമ്മദാബാദ് മെട്രോയെ ഗുജറാത്ത് മെട്രോ എന്ന രീതിയിൽ വിപുലമായ പ്രവർത്തന മേഖലയെ പ്രതിഫലിപ്പിക്കുന്ന സ്ഥാപനങ്ങളായി പുനഃസംഘടിപ്പിച്ച മാതൃകയും പരിഗണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇത് അന്തിമ തീരുമാനമല്ലെന്നും സർക്കാർ തീരുമാനമാണ് നിർണായകമെന്നും KMRL എംഡി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് പുറമെ ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരവും പേരുമാറ്റത്തിന് ആവശ്യമായി വരും.