കോഴിക്കോട്: വടക്കൻ കേരളത്തിലെ ജർമ്മൻ ഭാഷാ പഠിതാക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കി ഗോയ്ഥെ-സെന്റർ തിരുവനന്തപുരം പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി.ടി. അവന്യൂവിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള ഗോയ്ഥെ-ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഇനി മലബാർ മേഖലയിലുള്ളവർക്ക് കോഴിക്കോട്ട് തന്നെ എഴുതാം. നഗരത്തിൽ നടന്ന ചടങ്ങിൽ ന്യൂഡൽഹിയിലെ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളർ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടർ ഡോ. അലക്സാൻഡ്ര മിറ്റ്ലർ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കുമായി ജർമ്മൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളുടെയും യുവ പ്രൊഫഷണലുകളുടെയും വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ പരീക്ഷാ കേന്ദ്രം ആരംഭിച്ചത്. ജർമ്മനിയുടെ ഔദ്യോഗിക സാംസ്കാരിക സ്ഥാപനമായ ഗോയ്ഥെ-ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഷാ പരീക്ഷകൾക്ക് ആഗോളതലത്തിൽ മികച്ച അംഗീകാരമാണുള്ളത്.
യൂറോപ്യൻ കോമൺ ഫ്രെയിംവർക്ക് ഓഫ് റഫറൻസ് ഫോർ ലാംഗ്വേജസ് (CEFR) മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഈ പരീക്ഷകൾ ജർമ്മനിയിലേക്കുള്ള അക്കാദമിക്, തൊഴിൽപരമായ ആവശ്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
നിലവിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽനിന്ന് നിരവധി പേരാണ് ജർമ്മൻ ഭാഷ പഠിക്കുന്നത്. പരീക്ഷകൾക്കായി മുൻപ് ദൂരയാത്ര നടത്തേണ്ടിവന്നിരുന്ന പഠിതാക്കൾക്ക് പുതിയ കേന്ദ്രം വലിയ ആശ്വാസമാകും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തിൽ ജർമ്മൻ ഭാഷാ പ്രചാരണത്തിനും ഇൻഡോ-ജർമ്മൻ സാംസ്കാരിക വിനിമയത്തിനും ഗോയ്ഥെ-സെന്റർ തിരുവനന്തപുരം സജീവമായി പ്രവർത്തിച്ചുവരികയാണ്.
വടക്കൻ കേരളത്തിൽ ജർമ്മൻ ഭാഷയോടുള്ള താൽപര്യം ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് ഡോ. അലക്സാൻഡ്ര മിറ്റ്ലർ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷകൾ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ എഴുതാനുള്ള സൗകര്യമൊരുക്കുകയാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.
കേവലം പരീക്ഷാ കേന്ദ്രം എന്നതിലുപരി ഇൻഡോ-ജർമ്മൻ സാംസ്കാരിക സഹകരണത്തിന്റെ പ്രധാന വേദിയായി കോഴിക്കോടിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഗോയ്ഥെ-സെന്റർ കേരള ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. വരും നാളുകളിൽ ജർമ്മൻ ചലച്ചിത്രമേളകൾ, സംഗീത പരിപാടികൾ, സാഹിത്യ സമ്മേളനങ്ങൾ, വർക്ക്‌ഷോപ്പുകൾ, സർവകലാശാലകളുമായുള്ള സഹകരണ പദ്ധതികൾ എന്നിവ മലബാറിലെത്തിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ ആദ്യ ഗോയ്ഥെ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും. തുടർന്നുള്ള മാസങ്ങളിലും കൃത്യമായ ഇടവേളകളിൽ പരീക്ഷകൾ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.
കൂടുതൽ വിവരങ്ങൾക്ക്:
ഗോയ്ഥെ-സെന്റർ കേരള
ഡോ. സയ്യിദ് ഇബ്രാഹിം, ഡയറക്ടർ
ഇമെയിൽ: office@goethe-zentrum.org
ഗോയ്ഥെ എക്സാമിനേഷൻ സെന്റർ – കോഴിക്കോട്
ടി.ടി. അവന്യൂ, ലുലു മാളിന് സമീപം
ഗോവിന്ദപുരം, കോഴിക്കോട്
