സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയുള്ള തെരഞ്ഞെടുപ്പ്; പുതിയ MSF നേതൃത്വത്തിനെതിരെ വീണ്ടും പ്രമേയം

മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നതെന്ന് മങ്കട മണ്ഡലം എംഎസ്എഫ് കമ്മിറ്റി ആരോപിച്ചു. കൗൺസിൽ വിളിച്ചുചേർത്തതിലും നടപടിക്രമങ്ങളിൽ സംശയകരമായ ഇടപെടലുകളുണ്ടായെന്നാണ് ആരോപണം.

കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ വരവ്–ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും, സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മങ്കട മണ്ഡലം കമ്മിറ്റി ആരോപിച്ചു. പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ കാര്യമായ പ്രവർത്തനപരിചയം തെളിയിച്ചിട്ടില്ലാത്തവരെ സംസ്ഥാന ഭാരവാഹികളാക്കിയതിലും കമ്മിറ്റി വിമർശനം ഉന്നയിച്ചു.

ഇക്കാര്യങ്ങളിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

കഴിഞ്ഞ ദിവസം മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയും പുതിയ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രമേയം പാസാക്കിയിരുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദേശിച്ചവരെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും പ്രവർത്തനപരിചയം കുറഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നും മൊറയൂർ കമ്മിറ്റി ആരോപിച്ചിരുന്നു.

സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച പുതിയ സംസ്ഥാന നേതൃത്വത്തിൽ ഷറഫുദ്ദീൻ പിലാക്കൽ പ്രസിഡന്റും സ്വാഹിബ് മുഹമ്മദ് ജനറൽ സെക്രട്ടറിയും റാഷിദ് കോക്കൂർ ട്രഷററുമാണ്. 11 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയുള്ള കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.