സിജെപിയിൽ വൻപിളർപ്പ്; പുതിയ പാർട്ടി പ്രഖ്യാപിച്ച് മനീഷ് ബ്രഹ്മഭട്ട്

ന്യൂഡൽഹി: രാജ്യത്തെ യുവതലമുറയുടെ മുന്നേറ്റത്തിനായി രൂപംകൊണ്ട കോക്ക്റോച്ച് ജനതാ പാർട്ടിയിൽ (സിജെപി) പിളർപ്പ്. സംഘടനയുടെ സ്ഥാപക നേതാവ് അഭിജീത്ത് ദിപ്കെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ പ്രവർത്തകൻ മനീഷ് ബ്രഹ്മഭട്ട് രംഗത്തെത്തി. സിജെപിയിൽ നിന്ന് വേർപിരിഞ്ഞ് കോക്ക്റോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് (സിജെപിഡി) എന്ന പുതിയ വിഭാഗത്തിന് ബ്രഹ്മഭട്ട് രൂപം നൽകി.

താഴെത്തട്ടിലുള്ള പ്രവർത്തകരെയും വിവിധ പ്രതിഷേധങ്ങളിലെ സജീവ പങ്കാളികളെയും അവഗണിച്ച് സിജെപിയെ ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ‘ടീം കെജ്‌രിവാൾ’ ആയി അഭിജീത്ത് ദിപ്കെ മാറ്റിയെന്നാണ് ബ്രഹ്മഭട്ടിന്റെ ആരോപണം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് മുന്നിൽ ഓഗസ്റ്റിൽ മനീഷ് ബ്രഹ്മഭട്ടും കൂട്ടാളി രാഹുൽ പാണ്ഡ്യയും പ്രതിഷേധിച്ചിരുന്നു. ജന്തർ മന്തർ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തവരെ ഒഴിവാക്കിയാണ് സിജെപിയുടെ കോർ ടീം രൂപീകരിച്ചതെന്നായിരുന്നു പ്രധാന ആരോപണം. പ്രതിഷേധത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ജന്തർ മന്തർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരെയും വിവിധ സമുദായങ്ങളെയും ഒഴിവാക്കിയാണ് നാഷണൽ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചതെന്നും ബ്രഹ്മഭട്ട് ആരോപിച്ചു. സംഘടനയിലെ എട്ടോളം ഭാരവാഹികൾക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് മാത്രമാണ് നിലവിൽ സിജെപി പ്രാധാന്യം നൽകുന്നതെന്നും വിദ്യാർഥികളുടെയും മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെയും വിഷയങ്ങളിൽ സംഘടനയ്ക്ക് വേണ്ടത്ര താൽപ്പര്യമില്ലെന്നും ബ്രഹ്മഭട്ട് ആരോപിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചില പരാമർശങ്ങൾക്ക് പിന്നാലെ മെയ് 16നാണ് അഭിജീത്ത് ദിപ്കെ സിജെപി എന്ന ഓൺലൈൻ മൂവ്മെന്റ് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയതിലൂടെ പ്രസ്ഥാനത്തിന് യുവാക്കൾക്കിടയിൽ ശ്രദ്ധ നേടാനായെന്നും റിപ്പോർട്ടുകളുണ്ട്.

തനിക്ക് മുൻപ് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടായിരുന്നെങ്കിലും നിലവിൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദിപ്കെയുടെ വിശദീകരണം. എന്നാൽ ജന്തർ മന്തറിലെ സമരങ്ങളിൽ കെജ്‌രിവാളും മറ്റ് നേതാക്കളും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് ബ്രഹ്മഭട്ട് ആരോപണങ്ങൾ ശക്തമാക്കുന്നത്.

അതേസമയം, മനീഷ് ബ്രഹ്മഭട്ടിന്റെ ആരോപണങ്ങളോട് സിജെപിയോ അഭിജീത്ത് ദിപ്കെയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.