റോഡപകടങ്ങൾ കുറയ്ക്കാൻ നിരീക്ഷണ സംവിധാനം; ഹൈക്കോടതിയുടെ സമഗ്ര നിർദേശങ്ങൾ

ആറുമാസത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആറ് മാസത്തിനകം GIS അധിഷ്ഠിത Integrated Road Safety Monitoring Platform സജ്ജമാക്കണമെന്ന് കോടതി നിർദേശിച്ചു. പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ ഏജൻസികളുടെ വിവരങ്ങൾ ഒരു സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതാണ് ലക്ഷ്യം.

റോഡിലെ കുഴികൾ, അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ, തകർന്ന ലൈറ്റുകൾ, മറ്റ് സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഫോട്ടോയും സ്ഥലവിവരങ്ങളും സഹിതം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന സംവിധാനവും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് നിർദേശം. ലഭിക്കുന്ന പരാതികൾക്ക് ട്രാക്കിങ് നമ്പർ നൽകുകയും പരിഹാരം വരെയുള്ള നടപടികൾ നിരീക്ഷിക്കുകയും ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

Safe Kerala ക്യാമറകൾ കൂടുതൽ മേഖലകളിലേക്ക്

അപകടസാധ്യത കൂടുതലുള്ള റോഡുകളിലും ബ്ലാക്ക് സ്പോട്ടുകളിലും Safe Kerala AI ക്യാമറാ പദ്ധതി വ്യാപിപ്പിക്കാനും കോടതി നിർദേശിച്ചു. സംസ്ഥാനപാതകളിലും കണ്ടെത്തിയ അപകടസാധ്യതയുള്ള നഗരറോഡുകളിലും ഇലക്ട്രോണിക് നിരീക്ഷണവും നിയമനടപടികളും ശക്തമാക്കണമെന്നും നിർദേശമുണ്ട്.

സ്വകാര്യ ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കും

സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും ഒഴിവാക്കുന്നതിനായി നിലവിലുള്ള സമയക്രമം ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. റോഡിന്റെ വീതി, ഗതാഗതത്തിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, അനുവദനീയ വേഗപരിധി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് പുതിയ സമയക്രമം തയ്യാറാക്കണം.

120 ദിവസത്തിനകം സുരക്ഷിതമായ സമയക്രമം തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്വകാര്യ ബസുകളുടെ GPS നിരീക്ഷണം, ANPR ക്യാമറകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

കേരളത്തിലെ അപകട കണക്കുകൾ

2025-ൽ കേരളത്തിൽ 49,889 റോഡപകടങ്ങളും 3,733 മരണങ്ങളും 56,922 പരിക്കുകളും റിപ്പോർട്ട് ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. 2026 ജൂലൈ വരെ 2,319 പേർ കൂടി റോഡപകടങ്ങളിൽ മരിക്കുകയും 36,116 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി രേഖപ്പെടുത്തി. അമിതവേഗം അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും കോടതി നിരീക്ഷിച്ചു.

2025 അവസാനത്തോടെ കേരളത്തിൽ ഏകദേശം 1.89 കോടി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. ജനസംഖ്യയുടെ 1,000 പേരിൽ ഏകദേശം 425 വാഹനങ്ങളെന്ന ഉയർന്ന വാഹനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നും റോഡ് ശൃംഖലയുടെ ശേഷി വാഹനങ്ങളുടെ വർധനയ്ക്കനുസരിച്ച് വളർന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബ്ലാക്ക് സ്പോട്ടുകൾക്ക് സമയബന്ധിത പരിഹാരം

അപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക്ക് സ്പോട്ടുകൾ ശാസ്ത്രീയമായി കണ്ടെത്തി അവിടെയുള്ള സുരക്ഷാ പ്രശ്നങ്ങൾക്ക് താൽക്കാലികവും സ്ഥിരവുമായ പരിഹാരം സമയബന്ധിതമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. റോഡ് നിർമാണത്തിലെ അപാകതകൾക്കും അറ്റകുറ്റപ്പണിയിലെ വീഴ്ചകൾക്കും ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.

നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം

റോഡുകളിൽ നിർമാണമോ കുഴിയെടുക്കലോ നടത്തുന്ന സ്ഥാപനങ്ങൾ മുൻകൂട്ടി അനുമതി വാങ്ങണം. കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി, ബിഎസ്എൻഎൽ, ഗ്യാസ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ റോഡുകളിൽ ഇടപെടുമ്പോൾ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. റോഡരികിലെ അപകടകരമായ വൈദ്യുത പോസ്റ്റുകളും തൂങ്ങിക്കിടക്കുന്ന കേബിളുകളും നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.

ജില്ലാതല നിരീക്ഷണ സമിതികൾ

ഓരോ ജില്ലയിലും റോഡ് സുരക്ഷാ നിരീക്ഷണ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും നിർദേശമുണ്ട്. റോഡ് സുരക്ഷാ ഫണ്ടിന്റെ വിനിയോഗവും കാര്യക്ഷമമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.