മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽ നിന്നാണ് ഇന്ന് സുഹൈൽ പുറത്തിറങ്ങിയത്. കേരള ഹൈക്കോടതി അനുവദിച്ച ജാമ്യത്തെ തുടർന്നാണ് മോചനം.

കേസിലെ മറ്റു പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ പത്ത് ദിവസം കൂടി കഴിഞ്ഞ് മാത്രമേ മോചിപ്പിക്കാവൂ എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് നവംബർ 16ന് സുഹൈൽ പുറത്തിറങ്ങിയത്.

മൂന്ന് ജീവനെടുത്ത അപകടം

കഴിഞ്ഞ ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ അപകടമുണ്ടായത്. സുഹൈൽ ഓടിച്ചിരുന്ന മിനികൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർ അപകടത്തിൽ മരിച്ചിരുന്നു.

162 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ

പോലീസ് അന്വേഷണത്തിൽ അപകടത്തിന് തൊട്ടുമുമ്പ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അപകടദിവസം സുഹൈൽ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായും രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായതിന്റെ അഞ്ചിരട്ടിയായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മജിസ്ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികളെ അനിശ്ചിതകാലം തടവിൽ പാർപ്പിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.