കൽപ്പാത്തി രഥോത്സവം: ദേവരഥ സംഗമം ഇന്ന്; ഭക്തിസാന്ദ്രമായി അഗ്രഹാര വീഥികൾ

പാലക്കാട്: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും സംഗമമായ ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ആവേശം പകർന്ന് ഇന്ന് (തിങ്കളാഴ്ച) ദേവരഥ സംഗമം. ആയിരക്കണക്കിന് ഭക്തജനങ്ങൾ സാക്ഷികളാകുന്ന അപൂർവ കാഴ്ചയ്ക്കായി കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ഒരുങ്ങി.

കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറു രഥങ്ങളാണ് ദേവരഥ സംഗമത്തിൽ അണിനിരക്കുന്നത്.

വൈകിട്ട് നാലുമണിയോടെ രഥങ്ങളുടെ പ്രദക്ഷിണം ആരംഭിക്കും. സന്ധ്യയോടെ തേരുമുട്ടിയിൽ രഥങ്ങൾ മുഖാമുഖം സംഗമിക്കുന്നതാണ് ഉത്സവത്തിലെ പ്രധാന ആകർഷണം. വർണാഭമായി അലങ്കരിച്ച കൂറ്റൻ രഥങ്ങൾ അഗ്രഹാര വീഥികളിലൂടെ നീങ്ങുന്ന കാഴ്ച കാണാൻ വിവിധ ജില്ലകളിൽനിന്ന് ഭക്തരും സന്ദർശകരും എത്തിച്ചേർന്നിട്ടുണ്ട്.

ഉത്സവത്തിന് മാറ്റുകൂട്ടി ജനത്തിരക്ക്

നാടിന്റെ സാംസ്കാരിക പൈതൃകം അടുത്തറിയാൻ വിദേശികളടക്കമുള്ള നിരവധി സന്ദർശകരും കൽപ്പാത്തിയിലെത്തിയിട്ടുണ്ട്. ഉത്സവവീഥികളിലെ തെരുവോരക്കച്ചവടവും ഭക്ഷണശാലകളും സജീവമാണ്.

വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാണ്.

ദേവരഥ സംഗമത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല